കൊച്ചി
സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യംചെയ്‌ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാർ പാനൽ മറികടന്ന് കുസാറ്റിലെ പ്രൊഫസർ ഡോ. കെ ശിവപ്രസാദിനെ നിയമിച്ചത് ചോദ്യംചെയ്‌താണ് ഹർജി. ഗവർണർ, വിസി എന്നിവരടക്കമുള്ള കക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ച ജസ്‌റ്റിസ് സിയാദ് റഹ്മാൻ, വിസി ഇല്ലാത്ത അവസ്ഥ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ നിയമനം സ്‌റ്റേ ചെയ്യുന്നില്ലെന്നും അറിയിച്ചു. ഹർജി അടുത്തആഴ്‌ച പരിഗണിക്കും.
കെടിയു താൽക്കാലിക വിസി നിയമനം സംബന്ധിച്ച് യുജിസി റഗുലേഷനിൽ നിർദേശമില്ലെന്നും അതിനാൽ സർവകലാശാല നിയമമനുസരിച്ച് സർക്കാർ നൽകുന്ന പാനലിൽനിന്നാണ് നിയമിക്കേണ്ടതെന്നും സർക്കാർ ബോധിപ്പിച്ചു. സാങ്കേതിക സർവകലാശാല നിയമപ്രകാരം താൽക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ആകണമെന്ന് ഹെെക്കോടതി ഉത്തരവുണ്ട്. ഇക്കാര്യത്തിൽ ഗവർണർ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തത വരുത്തിയതുമാണ്. എന്നിട്ടും ഉത്തരവ് മറികടന്ന് ഗവർണർ നിയമനം നടത്തുകയായിരുന്നു. ഇതിനൊപ്പമാണ് ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെയും നിയമിച്ചത്.
യുജിസി റഗുലേഷൻ വാദവും തെറ്റ്
കെടിയു, ഡിജിറ്റൽ സർവകലാശാലകളിൽ താൽകാലിക വിസിമാരെ നിയമിച്ചത് യുജിസി റഗുലേഷൻ പ്രകാരമാണെന്ന ഗവർണറുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നത്. സർക്കാർ നൽകിയ പട്ടിക തള്ളിയും ഹൈക്കോടതി വിധി ധിക്കരിച്ചും നിയമത്തെ വെല്ലുവിളിച്ചും ഇല്ലാത്ത അധികാരം ഉണ്ടെന്ന് വ്യാഖ്യാനിച്ച് ന്യായീകരിക്കാനാണ് ശ്രമം.
സർവകലാശാല ചട്ടങ്ങൾ പ്രകാരം സർക്കാർ നൽകുന്ന പട്ടികയിൽ നിന്നുമാത്രമേ താൽകാലിക വി സി നിയമനം നടത്താകൂ. ബുധനാഴ്‌ച ഹൈക്കോടതി ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയതുമാണ്. സംസ്ഥാന താൽപര്യങ്ങളും സർവ്വകലാശാല ചട്ടങ്ങളും ധിക്കരിച്ച് പ്രവർത്തിക്കാൻ ചാൻസലർക്ക് യുജിസി അധികാരം നൽകുന്നില്ല. പശ്ചിമ ബംഗാളിൽ ഗവർണർ 37 നിയമനം ഏകപക്ഷീയമായി നടത്തിയതിനെതിരെയുള്ള സുപ്രീം കോടതിവിധിയിലും സംസ്ഥാനത്തിന്റെ അധികാരമാണ് സ്ഥാപിച്ചത്. സംസ്ഥാനം നൽകുന്ന പാനലിൽനിന്ന് നിയമിക്കണം എന്നാണ് വ്യക്തമാക്കിയത്. അതേസമയം, സർക്കാർ നൽകുന്ന പനലിൽനിന്ന് ചാൻസലർക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാൻ യുജിസി അധികാരം നൽകുന്നു.
സർവകലാശാലകൾക്ക് അക്കാദമിക കാര്യങ്ങളിലാണ് ഓട്ടോണമി ഉള്ളത്. ഭരണ, നിയമന കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനും സർവകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾക്കുമാണ് അധികാരം. സർവ്വകലാശാലകളുടെ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കുന്നതും ആവശ്യമായ ഫണ്ട് നൽകുന്നതും സർക്കാരാണ്. ചാൻസലർ പദവി തന്നെ സർക്കാർ രൂപം നൽകിയ നിയമപ്രകാരമുള്ളതാണ്.
ചട്ടം ലംഘിച്ച് ഗവർണർ നടത്തിയ നിയമനങ്ങളൊന്നും അക്കാദമിക താൽപര്യത്തിന്റെ പേരിലുള്ളതല്ല. സംഘപരിവാർ താത്‌പര്യം മുൻനിർത്തിയാണ് ഡോ. സിസ തോമസിനെ കെടിയുവിൽ താൽകാലിക വിസി ആക്കിയത്. ശിവപ്രസാദ് അധികാരമേൽക്കാൻ വന്നതുപോലും ആർഎസ്‌എസ് നേതാക്കളുടെ അകമ്പടിയോടെയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഗവർണറുടെ ശ്രമമെന്നതിന് തെളിവാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..