തിരുവനന്തപുരം
സംഘടനയിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന, ബെലഗാവിയിൽ ചേർന്ന കോൺഗ്രസ് സമ്പൂർണ എഐസിസി യോഗതീരുമാനം ഗുണമാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് അടുത്തതിനാൽ സമ്പൂർണ പുനഃസംഘടനയിലേക്ക് കടക്കുന്നത് ദോഷകരമാകുമെന്നാണ് കരുതുന്നത്. ഈ വിലയിരുത്തലിലാണ് ഒഴിവ് നികത്താൻ തീരുമാനിച്ചത്.
എഐസിസി തലംമുതൽ താഴേത്തട്ടുവരെ ഒഴിവുള്ള സംഘടനാ സ്ഥാനങ്ങൾ ഉടൻ നികത്തണമെന്നാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യോഗത്തിൽ ആവശ്യപ്പെട്ടത്. കഴിവുള്ള നേതാക്കൾ ഭാരവാഹികളായാലേ സംഘടനയെ ചലിപ്പിക്കാനാകൂ എന്ന പൊതു അഭിപ്രായം അനുകൂലമാക്കാനാണ് സുധാകരന്റെയും കൂട്ടരുടെയും ശ്രമം.
കെപിസിസി അധ്യക്ഷനെയടക്കം മാറ്റണമെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടർക്കും യോഗതീരുമാനം കനത്ത പ്രഹരമാണ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസിൽ രൂപപ്പെടുന്ന പുതിയ അധികാരകേന്ദ്രവും ഇവരുടെ പ്രതീക്ഷ തകർക്കുന്നു. സാമുദായിക നേതാക്കൾ തലങ്ങും വിലങ്ങും വിമർശിച്ചിട്ടും ഒരു നേതാവുപോലും സതീശന്റെ രക്ഷയ്‌ക്കെത്താത്തതും ചർച്ചയാണ്.
ഹൈക്കമാൻഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരളത്തിലെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. കൊടിക്കുന്നിൽ സുരേഷ് എഐസിസി യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഒപ്പം മറ്റു നേതാക്കളുമുണ്ടെന്ന് പറയുന്നു. കേരളത്തിൽ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ പൂർണമായും കെ സി വേണുഗോപാലിന്റെ നിയന്ത്രണത്തിലാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് ചിലർ പാർടിയിലെത്തിയതുപോലും അവസാന നിമിഷമാണ് പ്രതിപക്ഷ നേതാവുംമറ്റും അറിഞ്ഞത്. ഇത്തരത്തിൽ ഹൈക്കാമാൻഡിന്റെ നിയന്ത്രണം മതി പാർടിക്ക് എന്ന പക്ഷക്കാരാണ് ചിലർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..