തിരുവനന്തപുരം
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വിവിധ ഗ്രാമങ്ങളിൽ ആശുപത്രിമാലിന്യം തള്ളിയ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. കരാർ എടുത്ത സൺ ഏജ് ഇക്കോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് ശുചിത്വ മിഷൻ മൂന്നുവർഷം കരിമ്പട്ടികയിൽപ്പെടുത്തി ഉത്തരവിറക്കിയത്. നിയമവിരുദ്ധ പ്രവൃത്തിയിലൂടെ സർക്കാരിനുണ്ടായ മുഴുവൻ ചെലവും കമ്പനിയുടെ ബാധ്യതയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
മാലിന്യ നിർമാജനത്തിനുള്ള നോഡൽ ഓഫീസായ ശുചിത്വമിഷൻ, വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് മറുപടി നൽകിയില്ല. തുടർന്നാണ് നടപടി. അജൈവ മാലിന്യം കൈകാര്യം ചെയ്യുന്നതിന് ശുചിത്വ മിഷൻ കമ്പനിക്ക് നൽകിയ എംപാനൽമെന്റും റദ്ദാക്കി.
കേരളത്തിലെ ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യം തിരുനെൽവേലിയിൽ തള്ളിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേസെടുത്തിരുന്നു. തമിഴ്നാട് സർക്കാരും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും നടത്തിയ അന്വേഷണത്തിൽ സൺ ഏജ് ആണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തി.
കമ്പനി തള്ളിയ ആശുപത്രിമാലിന്യം കേരളം പൂർണമായി നീക്കിയിരുന്നു. ഭൂരിഭാഗവും ക്ലീൻകേരള കമ്പനിയുടെ കൊല്ലം, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലെ ഗോഡൗഡിലെത്തിച്ചു. മാലിന്യം നീക്കാൻ കേരളത്തിലെ ഉദ്യോഗസ്ഥർ പൂർണപിന്തുണ നൽകിയെന്ന് തമിഴ്‌നാട് വ്യക്തമാക്കി. മാലിന്യം നീക്കിയതായി ഹരിത ട്രൈബ്യൂണലിനെ തമിഴ്‌നാട് ചീഫ് സെക്രട്ടറി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..