കൊച്ചി
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിൽ എം ടി വാസുദേവൻനായർ പ്രത്യേക താൽപ്പര്യമെടുത്തിരുന്നതായി എഴുത്തുകാരൻ സേതു. ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ‘എം ടിക്ക് ഓർമപ്രണാമം’ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരായിരിക്കെ ഒരിക്കൽ എന്റെ പക്കൽ നോവൽ ഉണ്ടോയെന്ന് അന്വേഷിച്ചു. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുന്ന ലളിതാംബിക അന്തർജനത്തിന്റെ ‘അഗ്നിസാക്ഷി’ അവസാനിക്കാനിരിക്കെയാണത്. എന്റെയടുത്ത് ഒരെണ്ണമുണ്ടെങ്കിലും പ്രസിദ്ധീകരണയോഗ്യമല്ലെന്ന് അറിയിച്ചു. എന്നാൽ, അദ്ദേഹം മെച്ചപ്പെടുത്താൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ‘പാണ്ഡവപുരം’ പുറത്തുവരുന്നത്. ’67ൽ എന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചതും എം ടിയാണ്. ചവറ്റുകുട്ടയിൽ വീഴുമെന്ന് ഉറപ്പിച്ച് അയച്ച കഥ നന്നായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മറുപടി ലഭിക്കുകയായിരുന്നു. അന്നുണ്ടായിരുന്ന എതിർപ്പുകളെയെല്ലാം അവഗണിച്ചായിരുന്നു അദ്ദേഹം പുതുതലമുറ എഴുത്തുകാർക്ക് അവസരം നൽകിയതെന്നും സേതു പറഞ്ഞു. ആറുപതിറ്റാണ്ടുകാലത്തെ ബന്ധമാണ് എം ടിയുമായുള്ളത്.
പറഞ്ഞുതീർക്കാനാകാത്ത ഒരുപാട് അനുഭവങ്ങൾ. വായിച്ചുതീർക്കാനാകാത്ത മഹാഗ്രന്ഥംപോലെയായിരുന്നു എം ടിയെന്നും സേതു പറഞ്ഞു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെയും യോഗം അനുസ്മരിച്ചു. ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം പ്രസിഡന്റ് പി പ്രകാശ്, സെക്രട്ടറി ടി ജി രവികുമാർ, ഡോ. ജോര്‍ജ് ഇരുമ്പയം തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..