29 December Sunday

പെരിയ കേസ്: പ്രതിചേർത്ത 10ൽ 9 പേർക്കും 
കൊലപാതകത്തിൽ പങ്കില്ല ; സിബിഐയുടെ ഗൂഢാലോചനാവാദം പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024


കാസർകോട്‌
ഉന്നത സിപിഐ എം നേതാക്കൾ ഗൂഢാലോചന നടത്തിയാണ്‌ പെരിയയിൽ ഇരട്ടക്കൊല നടത്തിയതെന്ന സിബിഐയുടെ വാദം തള്ളി കോടതിവിധി. ഗൂഢാലോചന നടത്തിയെന്നുകാട്ടി  സിബിഐ പ്രത്യേകമായി പ്രതിചേർത്ത പത്തിൽ ഒമ്പതുപേർക്കും ഗൂഢാലോചനയിലോ കൊലപാതകത്തിലോ നേരിട്ട്‌ പങ്കില്ലെന്ന്‌ പ്രത്യേക സിബിഐ  കോടതി വിധിച്ചു. ഇതിൽ ആറുപേരെ പൂർണമായും കുറ്റവിമുക്തരാക്കി. ഇരുപതാം പ്രതി കെ വി കുഞ്ഞിരാമൻ, 21 –-ാം പ്രതി രാഘവൻ വെളുത്തോളി, 22–-ാം പ്രതി കെ വി ഭാസ്‌കരൻ എന്നിവർക്കെതിരെയുള്ളത്‌ പൊലീസിന്റെ ജോലിക്ക്‌ തടസ്സം നിന്നുവെന്ന കേസ്‌ മാത്രം. ഇവർക്ക് ഉടൻ ജാമ്യം ലഭിച്ചു.

സിബിഐ കെട്ടിച്ചമച്ച രേഖകളാണ്‌ സെക്‌ഷൻ 225 പ്രകാരം ഇവർക്കെതിരെ കോടതിയിൽ ഹാജരാക്കിയത്‌ എന്ന വാദമുണ്ട്‌. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെങ്കിൽ പ്രത്യേകം എഫ്‌ഐആർ തയ്യാറാക്കണം. അതുണ്ടായില്ല. അന്നത്തെ ജിഡി രേഖകളിലും പൊലീസിനെ തടഞ്ഞതായി പറയുന്നില്ല. 15–--ാംപ്രതി എ സുരേന്ദ്രനെ ഫോൺകോളിന്റെ പേരിലാണ്‌ കൊലക്കുറ്റത്തിൽ ഉൾപ്പെടുത്തിയത്‌.  കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തെന്നുപറയുന്ന ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കെതിരെയാണ്‌ കൊലക്കുറ്റം ചുമത്തിയത്‌. ഇവരിൽ ഒന്നാം പ്രതി പീതാംബരനുള്ള വ്യക്തിവിദ്വേഷമാണ്‌ കൊലപാതകത്തിലെത്തിയത്‌.  ഇക്കാര്യം വ്യക്തമാക്കി സിപിഐ എം പീതാംബരനെ പുറത്താക്കിയിരുന്നു.  കല്യോട്ട്‌ ബസ്‌ സ്റ്റാൻഡിന്‌ സമീപം പീതാംബരനെ കോൺഗ്രസുകാർ കമ്പിവടികൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും കേസുണ്ടായിരുന്നു.

ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിനുശേഷം സിബിഐയെ ഉപയോഗിച്ച്‌ നേതാക്കളെ ബോധപൂർവം പ്രതിചേർത്ത ഘട്ടത്തിലാണ്‌ സിപിഐ എം നിയമവഴി തേടിയത്‌. കൊലപാതകത്തിലോ ഗൂഢാലോചനയിലോ നേതാക്കൾക്ക്‌ പങ്കില്ലെന്ന വിധി നിയമപോരാട്ടത്തിലൂടെ ലഭ്യമായിരിക്കുകയാണ്‌. സെക്‌ഷൻ 225 പ്രകാരം നേതാക്കൾക്കെതിരെ ചുമത്തിയ കുറ്റത്തിനെതിരെ ഉയർന്ന കോടതിയെ സമീപിക്കുമെന്ന്‌ സിപിഐ എം വ്യക്തമാക്കി.

10 പേരെ 
വെറുതെ വിട്ടു; 
14 പേർ കുറ്റക്കാർ
പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കൂടുതലായി പ്രതിചേർത്ത 10 പേരിൽ ഒമ്പതുപേർക്ക്‌ ഗൂഢാലോചനയിലോ കൊലപാതകത്തിലോ പങ്കില്ലെന്ന്‌ എറണാകുളം സിബിഐ കോടതി. ഇതിൽ 20 മുതൽ 22 വരെ പ്രതികളായ കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവർക്ക്‌ പൊലീസിന്റെ ജോലിക്ക്‌ തടസ്സംനിന്നുവെന്ന കുറ്റമാത്രമാണുള്ളത്‌. ബാക്കിയുള്ള ആറുപേരെ പൂർണമായും വെറുതെവിട്ടു. ആകെ 14 പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 10 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. 24 പേരെയാണ്‌ പ്രതിചേർത്തിരുന്നത്‌. ആകെ പത്തുപേരെ വെറുതവിട്ടു. ഒന്നുമുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്‌, എ അശ്വിൻ, സുബീഷ്‌ എന്നിവർക്കാണ്‌ കൊലപാതകത്തിൽ നേരിട്ട്‌ പങ്കുണ്ടെന്ന്‌ കണ്ടെത്തിയത്‌. നിയമവിരുദ്ധ സംഘംചേരൽ, കലാപം സൃഷ്ടിക്കൽ, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞുനിർത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളും ചുമത്തി. പത്താംപ്രതി ടി രഞ്‌ജിത്, 15–-ാംപ്രതി എ സുരേന്ദ്രൻ എന്നിവർക്കും കൊലക്കുറ്റം ചുമത്തി. ശിക്ഷ ജനുവരി മൂന്നിന്‌ വിധിക്കും. 20 മാസത്തെ വിചാരണ നടപടികൾക്കുശേഷമാണ്‌ ജഡ്‌ജി എൻ ശേഷാദ്രിനാഥൻ വിധി പറഞ്ഞത്.

 2019 ഫെബ്രുവരി 17നാണ്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്‌ലാലും (23) കൃപേഷും (19) കൊല്ലപ്പെട്ടത്. ഒന്നുമുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്‌, എ അശ്വിൻ, സുബീഷ്‌ എന്നിവർക്ക്‌ കൊലപാതകത്തിൽ നേരിട്ട്‌ പങ്കുണ്ടെന്ന്‌ കോടതി കണ്ടെത്തി. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി. നിയമവിരുദ്ധ സംഘംചേരൽ, കലാപം സൃഷ്ടിക്കൽ, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞുനിർത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളും ചുമത്തി. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ സി കെ ശ്രീധരൻ, നിക്കോളസ്‌ ജോസഫ്‌, സോജൻ മൈക്കിൾ, ടോം ജോസഫ്‌, അഭിഷേക്‌ കുര്യൻ എന്നിവരും വാദികൾക്കുവേണ്ടി വൈ ബോബി ജോസും ഹാജരായി.

കുറ്റവിമുക്തരായവർ
ഒമ്പതാംപ്രതി എ മുരളി, 11 മുതൽ 13 വരെ പ്രതികളായ പ്രദീപ്‌, ബി മണികണ്ഠൻ, എൻ ബാലകൃഷ്‌ണൻ, 15 മുതൽ 19 വരെ പ്രതികളായ എ മധു, റജി വർഗീസ്, എ ഹരിപ്രസാദ്, പി രാജേഷ്, 23–-ാംപ്രതി വി ഗോപകുമാർ, 24–-ാംപ്രതി പി വി സന്ദീപ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top