നാദാപുരം
യുവകവി ശ്രീനിവാസൻ തൂണേരിയുടെ വരികൾ കൗമാര കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് ചാരുതനൽകും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനത്തിന്റെ വരികളാണ് തൂണേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ മേൽശാന്തികൂടിയായ ശ്രീനിവാസൻ രചിച്ചത്. കാവാലം ശ്രീകുമാറാണ് സംഗീത സംവിധാനം.
സ്‌കൂൾതലം മുതൽ കവിതയുടെ വഴിയിലായിരുന്നു ശ്രീനിവാസൻ. മുഖ്യധാരാ മാധ്യമങ്ങളിൽ ഇടംകിട്ടിയില്ലെങ്കിലും നിരാശനാകാതെ 15 വർഷമായി നിരന്തരം നവ മാധ്യമങ്ങളിൽ എഴുതി. 16 വർഷം മുമ്പാണ് മേൽ ശാന്തിയായി ജോലിയിൽ പ്രവേശിച്ചത്.
കോളേജ് പഠനകാലത്ത് ഇന്റർ സോൺ കലോത്സവങ്ങളിൽ മൂന്നുതവണ ഒന്നാം സ്ഥാനവും തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായുള്ള ദ്രുതകവിതാ രചനയിൽ മൂന്ന് തവണ ഒന്നാം സ്ഥാനവും അങ്കണം സാംസ്‌കാരിക വേദിയുടെ ടി വി കൊച്ചുബാവ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മൗനത്തിന്റെ സുവിശേഷം, ഇഞ്ചുറി ടൈം എന്നീ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. തൂണേരി സ്വദേശിയാണ്. ഭാര്യ: സ്മിത. മക്കൾ: നീഹാര, അഗ്നിവേശ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..