23 December Monday
കേരളത്തിൽ തോട്ടങ്ങളും പാടങ്ങളും ഉൾപ്പെടെ 1.09 ലക്ഷം ഹെക്ടർ തരിശുഭൂമി

കൃഷിക്ക്‌ 3000 കോടി ; തരിശുനില കൃഷിക്കുള്ള ബൃഹദ്‌പദ്ധതി അടുത്ത മാസം

വെബ് ഡെസ്‌ക്‌Updated: Thursday Apr 30, 2020

സ്വന്തം ലേഖകൻ
കോവിഡാനന്തരകാലത്തെ അതിജീവനമാർഗമായ കൃഷിക്ക്‌ ഒരുവർഷത്തിനകം 3000 കോടി രൂപ ചെലവിടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1500 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും പദ്ധതിവിഹിതത്തിൽനിന്ന്‌ കണ്ടെത്തും. ബാക്കി തുക നബാർഡിലും സഹകരണ സംഘങ്ങളിലുംനിന്ന്‌ വായ്‌പയായി ലഭ്യമാക്കും. പലിശരഹിതമായോ കുറഞ്ഞപലിശയ്‌ക്കോ വായ്‌പ നൽകാൻ സഹകരണ സംഘങ്ങളോട്‌ മുഖ്യമന്ത്രി നിർദേശിച്ചു.

തരിശുനിലത്തിൽ കൃഷിയിറക്കാനുള്ള ബൃഹദ്‌പദ്ധതി അടുത്തമാസം ആരംഭിക്കും. എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും വാർഷികപദ്ധതി ഇതനുസരിച്ച്‌ മാറ്റംവരുത്തി മെയ്‌ 15നുമുമ്പ്‌ സമർപ്പിക്കണം. തോട്ടങ്ങളും പാടങ്ങളും ഉൾപ്പെടെ 1.09 ലക്ഷം ഹെക്ടർ തരിശുഭൂമിയാണ്‌ സംസ്ഥാനത്തുള്ളത്‌. 1.40 ലക്ഷം ഹെക്ടറിൽ ഇടവിളക്കൃഷിയും നടത്തും. കൃഷിക്ക്‌ സന്നദ്ധരായ ഭൂവുടമകൾക്ക്‌ പിന്തുണ നൽകും. മറ്റിടങ്ങളിൽ ഉടമയുടെ സമ്മതത്തോടെ സ്വാശ്രയസംഘങ്ങളും കുടുംബശ്രീയും പഞ്ചായത്ത്‌ സമിതികളും കൃഷിയിറക്കും.

പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കാനും ശീതീകരണ സംവിധാനം സ്ഥാപിക്കാനും നടപടിയെടുക്കും. ഓണം മുന്നിൽക്കണ്ട്‌ ജൂൺ-–-സെപ്തംബർ മാസങ്ങളിൽ വിള ലഭിക്കുന്ന ഹ്രസ്വകാല പദ്ധതിയും ദീർഘകാല പദ്ധതികളും നടപ്പാക്കും. വിപണനസാധ്യത വർധിപ്പിക്കാൻ ഗ്രാമ–-നഗരച്ചന്തകൾ തുറക്കും. ഡിജിറ്റൽ മാർക്കറ്റിങ്‌ സംവിധാനവും ഏർപ്പെടുത്തും.

മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക്‌ വ്യവസായവകുപ്പ്‌ പദ്ധതികളാവിഷ്കരിക്കും. കന്നുകാലി സമ്പത്തിന്റെ വർധനയും പാൽ, മുട്ട, മത്സ്യം ഉൽപ്പാദനവും പദ്ധതിയുടെ ഭാഗമാണ്‌. ജോലിനഷ്ടപ്പെട്ട്‌ മടങ്ങിയെത്തുന്ന പ്രവാസികളെക്കൂടി കൃഷിയിലേക്ക്‌ എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പദ്ധതി വിജയിപ്പിക്കാൻ സംസ്ഥാനത്തുടനീളം യുവജന ക്ലബ്ബുകളുടെ രജിസ്ട്രേഷൻ നടത്തും.  പ്രതിസന്ധിയും സാധ്യതകളും കണക്കിലെടുത്ത് യുവജനങ്ങൾ പരമാവധി ഇതിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top