തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ നികുതിക്കൊള്ള മറച്ച് ഇന്ധനവില വർധനയിലും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ‘മനോരമ’. സെസും സർചാർജും അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയുംവഴി പ്രതിവർഷം മൂന്നരലക്ഷത്തിൽപ്പരം കോടി രൂപ കവരുന്ന കേന്ദ്ര നടപടിയിൽ മനോരമയ്‌ക്ക് ആശങ്കയില്ല. അസംസ്‌കൃത എണ്ണവില ഉയരുമ്പോൾ ഉൽപ്പന്ന വില ഉയരുമെന്നും, മറിച്ചാകുമ്പോൾ കുറയുമെന്ന കേന്ദ്ര വാദം പൊളിഞ്ഞതും വാർത്തയായില്ല.
പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിമാസം അധികം ലഭിക്കുന്ന 20 കോടി രൂപ സംസ്ഥാനം ഉപേക്ഷിക്കണമെന്നാണ് വാദം. ആറു വർഷത്തിനിടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പനനികുതി സംസ്ഥാനം വർധിപ്പിച്ചില്ല. കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്‌സൈസ് തീരുവ 18.42 രൂപ ഉയർത്തി. 23.5 രൂപവരെ വർധിപ്പിച്ചു. ഡീസലിന്റേത് 18.24 രൂപയും ഉയർത്തി. 28.27 രൂപവരെ വർധിപ്പിച്ചു.
കേന്ദ്ര നികുതി വരുമാനത്തിന്റെ 15 ശതമാനവും സർചാർജും സെസുമായി. കേന്ദ്രത്തിനുമാത്രം ലഭിക്കുന്ന വരുമാനമാണിത്. ഭരണഘടന അധികാരം ഇല്ലാതെയാണീ കൊള്ള. കേന്ദ്ര സർക്കാർ 14 തവണ നികുതി കൂട്ടിയപ്പോൾ കുറച്ചത് നാലുതവണമാത്രം. പെട്രോൾ, ഡീസൽ എക്‌സൈസ് ഡ്യൂട്ടിവഴി 2020–-21ൽ 3.84 ലക്ഷം കോടി രൂപ നേടി. സംസ്ഥാനങ്ങൾക്കാകെ ലഭിച്ച വിൽപ്പന നികുതി രണ്ടുലക്ഷം കോടിയും. ഇതര സംസ്ഥാനങ്ങൾ നികുതി കുറച്ചതിനാൽ കേരളവും ഉപേക്ഷിക്കണമെന്നാണ് വാദം. നികുതി കുറച്ച സംസ്ഥാനങ്ങൾക്ക് കൂടുതൽ കേന്ദ്ര നികുതി വിഹിതമുണ്ട്. ബിഹാറിന് 10.08, മധ്യപ്രദേശിന് 7.85, കർണാടകയ്‌ക്ക് 3.65 ശതമാനവും. കേരളത്തിന്റേത് 1.92 ശതമാനമാണ്. കോവിഡിൽ മുൻനിര സംസ്ഥാനങ്ങൾ ആരോഗ്യ, വിദ്യാഭ്യാസ ചെലവടക്കം ചുരുക്കി.
പ്രതിമാസം ക്ഷേമ പെൻഷൻ വിതരണത്തിനുമാത്രം 874 കോടി നീക്കിവയ്‌ക്കുന്ന കേരളം ഇന്ധനനികുതിയിൽനിന്ന് കിട്ടുന്ന തുച്ഛമായ അധികം വരുമാനം ഉപേക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ വാദം ഏറ്റുപിടിക്കുകയാണ് മനോരമയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..