25 September Wednesday

ഇത്‌ കേരളം ; ഇവിടങ്ങനല്ല ജീ

മിൽജിത്‌ രവീന്ദ്രൻUpdated: Thursday Jun 29, 2023


തിരുവനന്തപുരം
രാഷ്ട്രപതിയായിട്ടും പട്ടികവർഗ വിഭാഗക്കാരിയായതിനാൽ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽനിന്ന്‌ ദ്രൗപദി മുർമുവിനെ ഒഴിവാക്കിയ പ്രധാനമന്ത്രിയാണ്‌ നരേന്ദ്ര മോദി. പൊതുകിണറ്റിൽനിന്ന്‌ വെള്ളമെടുത്തതിനും ‘ഉയർന്ന’ ജാതിയിലുള്ളവരെ പ്രണയിച്ചതിനും ദളിത്‌ വിഭാഗങ്ങൾ  ക്രൂരമായി കൊല്ലപ്പെടുന്ന നാടാണ്‌ ഇന്ത്യ. ഇതിനെപ്പറ്റി ഒരുവാക്ക്‌ മിണ്ടാൻ പ്രധാനമന്ത്രിക്കില്ല. എന്നാൽ, പട്ടികവിഭാഗങ്ങൾ അന്തസ്സോടെയും വേർതിരിവുകളില്ലാതെയും ജീവിക്കുന്ന കേരളത്തെ അപമാനിക്കാനാണ്‌ താൽപ്പര്യം. കേന്ദ്ര സർക്കാരും കേരള സർക്കാരും പട്ടികവിഭാഗങ്ങളെ എങ്ങനെ പരിഗണിക്കുന്നുവെന്ന്‌ അറിയാൻ ശരിക്കുള്ള കണക്കുകൾ പരിശോധിച്ചാൽ മതി. 16.6 ശതമാനമുള്ള പട്ടികജാതി വിഭാഗത്തിന്‌ ബജറ്റിന്റെ 3.53 ശതമാനവും 8.6 ശതമാനമുള്ള പട്ടികവർഗ വിഭാഗത്തിന്‌ 2.65 ശതമാനം തുകയുമാണ്‌ കേന്ദ്രം മാറ്റിവച്ചത്‌. എന്നാൽ, കേരളത്തിൽ 9.1 ശതമാനമുള്ള പട്ടികജാതി വിഭാഗത്തിന്‌ 9.81 ശതമാനവും 1.45 ശതമാനംമാത്രം വരുന്ന പട്ടികവർഗ വിഭാഗത്തിന്‌ 2.83 ശതമാനവുമാണ്‌.

2023–- 24ൽ പട്ടികജാതി വികസനവകുപ്പിന്‌ 1638.10 കോടി രൂപയാണ്‌ സംസ്ഥാന വിഹിതമായി മാറ്റിവച്ചത്‌. കേന്ദ്രവിഹിതമാകട്ടെ, വെറും 111.20 കോടിയും. പട്ടികവർഗ വിഭാഗത്തിനായി സംസ്ഥാനം 657.95 കോടി മാറ്റിവച്ചപ്പോൾ 201.55 കോടി മാത്രമാണ്‌ കേന്ദ്ര വിഹിതം. വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ പട്ടികവിഭാഗങ്ങളെ കേരളം കൈപിടിച്ച്‌ ഉയർത്തുമ്പോൾ കേന്ദ്രമാണ്‌ ഇതിന്‌ ഇടങ്കോലിടുന്നത്‌. 2.5 ലക്ഷത്തിനുമേൽ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക്‌ പോസ്റ്റ്‌മെട്രിക്‌ സ്‌കോളർഷിപ്‌ കേന്ദ്ര സർക്കാർ നിഷേധിച്ചു. ഈ സാഹചര്യത്തിൽ ബജറ്റിൽ കൂടുതൽ തുക വകയിരുത്തി വരുമാന ഭേദമന്യേ എല്ലാവർക്കും സ്‌കോളർഷിപ്‌ ഉറപ്പാക്കുകയാണ്‌ സംസ്ഥാനം.


 

ആയിരങ്ങൾക്ക്‌ തൊഴിൽ
പട്ടികവിഭാഗത്തിലെ യുവജനങ്ങൾക്ക്‌ തൊഴിലും നൈപുണ്യപരിശീലനവും നൽകാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ട്രേസ്‌ പദ്ധതിവഴി ആയിരങ്ങളാണ്‌ തൊഴിൽ നേടിയത്‌. അക്രെഡിറ്റഡ്‌ എൻജിനിയർമാരായി 500 പേരെ നിയമിച്ചു. എംഎസ്‌ഡബ്ല്യു യോഗ്യതയുള്ള 114 പേരെ സോഷ്യൽ വർക്കർമാരായും ബിരുദധാരികളായ 380 പേരെ മാനേജ്‌മെന്റ്‌ ട്രെയ്‌നിയായും പട്ടികവിഭാഗ ഓഫീസുകളിൽ നിയമിച്ചു. നിയമ ബിരുദം നേടിയ 92 പേരെ ലീഗൽ കൗൺസിലർമാരാക്കി. വനാശ്രിതരായ 500 പട്ടികവർഗക്കാരെ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർമാരാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 425 വിദ്യാർഥികളെ വിദേശത്തേക്ക്‌ പഠിക്കാൻ അയച്ചു. കഴിഞ്ഞ വർഷംമാത്രം 5000 സർക്കാർ പഠനമുറി അനുവദിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റിയില്ലാതിരുന്ന 1284 ഊരിൽ 1083 എണ്ണത്തിലും സൗകര്യം എത്തി. ഇടമലക്കുടിയിൽമാത്രം കണക്ടിവിറ്റിക്കായി 4.31 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിനിയോഗിച്ചത്.

ഭവനരഹിതരില്ലാത്ത 
കേരളം
രാജ്യത്ത്‌ പട്ടികവിഭാഗത്തിൽപ്പെട്ട ഭൂരിപക്ഷംപേരും ഭവനരഹിതരായി തുടരുമ്പോൾ കേരളം ഭവനരഹിതരില്ലാത്ത നാടായി മാറുകയാണ്‌. ഭവനപദ്ധതിക്കായി പട്ടികവിഭാഗത്തിന്‌ കഴിഞ്ഞ വർഷം 418 കോടിയും ഈ വർഷം 440 കോടിയുമാണ്‌ ലൈഫ് മിഷന് കൈമാറിയത്‌. ഭവന പൂർത്തീകരണ പദ്ധതി വഴി 4978 വീട് പൂർത്തിയാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഈ വിഭാഗത്തിൽപ്പെട്ട 7323 പേർക്കാണ് ഭൂമി വാങ്ങിനൽകിയത്. 1684 പട്ടികവർഗക്കാർക്കായി 1789.25 ഏക്കർ ഭൂമിയും വിതരണം ചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top