03 November Sunday

നെല്ലിക്കുഴി പഞ്ചായത്ത്‌ ലൈഫ്‌ മിഷൻ ; യുഡിഎഫിന്റെ കള്ളപ്രചാരണം
 രാഷ്ട്രീയപ്രേരിതം

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024


കോതമംഗലം
നെല്ലിക്കുഴി പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചെന്ന യുഡിഎഫിന്റെ കള്ളപ്രചാരണം രാഷ്ട്രീയപ്രേരിതമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം മജീദ്‌. ചെറുവട്ടൂർ 17–-ാം വാർഡ് ഊരംകുഴി കവലക്കൽ അലീമ മക്കാറിന്റെ വീട് കനത്ത മഴയിൽ കേടുപറ്റിയിരുന്നു. ഇവരെ ലൈഫ് ഭവനപദ്ധതി പട്ടികയിൽനിന്ന്‌ ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം.

അലീമ മക്കാറിന് 2020ൽ ഭവനരഹിതരുടെ പട്ടികയിൽ ജനറൽ വിഭാഗത്തിൽ മുൻഗണനപ്രകാരം 29–-ാം നമ്പറായി ഉൾപ്പെടുത്തി. തുടർന്ന് ആനുകൂല്യം നൽകുന്നതിന് കരാറുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ സ്ഥലപരിശോധന നടത്തി. അപേക്ഷയിൽ വ്യക്തമാക്കിയ റേഷൻകാർഡ് നമ്പർപ്രകാരം മകൻ ഇബ്രാഹിം വീടിനോടുചേർന്ന് പുതിയ വീട് പണിയുന്നത്‌ കണ്ടെത്തി. ഒരേ റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒരു കുടുംബമായി പരിഗണിച്ച് ഭവനസഹായം നൽകുകയാണ് സർക്കാർമാനദണ്ഡം.

അപേക്ഷയിലെ റേഷൻകാർഡ് നമ്പർപ്രകാരം മകന് പുതിയ വീട് ഉള്ളതിനാൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട്‌ വീട്‌ അനുവദിക്കാൻ നിയമതടസ്സം ഉള്ളതാണെന്ന വിവരം പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് അലീമയെയും കുടുംബത്തെയും അറിയിച്ചിരുന്നു. ഇവരുടെ വീട് തകർന്നശേഷം ചേർന്ന പഞ്ചായത്ത് ഭരണസമിതി, നിയമ ഇളവ് നൽകി അലീമയ്‌ക്ക് വീട് അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സർക്കാരിനും ലൈഫ് മിഷനും അപേക്ഷ സമർപ്പിച്ചു. ഇക്കാര്യത്തിൽ ഭരണസമിതി ഐക്യകണ്ഠേനയാണ്‌ തീരുമാനമെടുത്തത്‌. ലൈഫ് മിഷന്റെ  തീരുമാനമനുസരിച്ച് എത്രയുംവേഗം വീട്‌ നൽകുമെന്നും പ്രസിഡന്റ് പി എം മജീദ് പറഞ്ഞു. ലൈഫ് മിഷൻ മുഖേന നിലവിലെ ഭരണസമിതി 252 വീടുകൾ നൽകിയിട്ടുണ്ട്‌. ലൈഫ് മിഷൻ ഫ്ലാറ്റ് ഉൾപ്പെടെയുള്ള വികസനപദ്ധതികൾ അട്ടിമറിക്കാൻ ഭരണസമിതിക്കെതിരെ യുഡിഎഫ്‌ നടത്തുന്ന വ്യാജപ്രചാരണം തള്ളണമെന്നും പ്രസിഡന്റ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top