മട്ടാഞ്ചേരി
മട്ടാഞ്ചേരിയിലെ പുരാതന കെട്ടിടങ്ങളിലൊന്നായ കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ അന്തേവാസികളുടെ ദുരിതജീവിതത്തിന് അറുതിയാകുന്നു. തകർന്ന കെട്ടിടത്തിന്റെ നവീകരണം പൂർത്തിയാക്കി ആഗസ്ത് 10ന് താക്കോൽ കൈമാറും. കൊച്ചിയിലെ വ്യവസായികൂടിയായ എ എം നൗഷാദ് ജനകീയ പിന്തുണയോടെ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്.
ആറ് കുടുംബങ്ങളാണ് ബിഗ് ബെൻ ഹൗസിൽ കഴിഞ്ഞിരുന്നത്. കെട്ടിടം അപകടാവസ്ഥയിലായതോടെ കുടുംബങ്ങൾ മട്ടാഞ്ചേരി കമ്യൂണിറ്റി ഹാളിലാണ് മൂന്നുവർഷമായി ദുരിതപൂർണജീവിതം നയിക്കുന്നത്. 2021 ഒക്ടോബർ 15ന് കനത്ത കാറ്റിലും മഴയിലും കെട്ടിടത്തിന്റെ മതിലിൽ വിള്ളൽവീണു. 31 പേരാണ് അന്ന് കമ്യൂണിറ്റി ഹാളിലേക്ക് മാറിയത്. രോഗങ്ങൾ പിടിപെട്ട് രണ്ടുപേർ മരണത്തിന് കീഴടങ്ങി. കമ്യൂണിറ്റി ഹാളിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. മൂന്ന് കുടുംബങ്ങൾ വാടകവീടുകളിലേക്ക് മാറി. വഖഫിന്റെ അധീനതയിലുള്ള കെട്ടിടമായതിനാൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അവരുടെ അനുവാദം വേണമായിരുന്നു.
വഖഫ് ബോർഡ് അനുവാദം നൽകിയതോടെ എ എം നൗഷാദിന്റെ നേതൃത്വത്തിൽ നവീകരണം ഏറ്റെടുത്തു. ഡിസംബറിൽ തുടങ്ങിയ ജോലികൾ എട്ട് മാസത്തിനകം പൂർത്തിയാക്കി. ആറ് കുടുംബങ്ങൾക്കും എല്ലാ സൗകര്യങ്ങളോടുംകൂടിയാണ് കെട്ടിടം നവീകരിച്ചത്. അവസാന മിനുക്കുപണികൾ പൂർത്തിയാക്കി ആഗസ്ത് 10ന് വീട് കുടുംബങ്ങൾക്ക് കൈമാറും. ഐജി പി വിജയൻ താക്കോൽ കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..