തിരുവനന്തപുരം
നിശ്ചയിച്ച സമയത്തിനുള്ളിൽ നൂറുദിന പരിപാടികൾ പൂർത്തിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാലം നൂറുദിന പരിപാടികൾ ജൂലൈ 15 മുതൽ ഓക്ടോബർ 22വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടികളുടെ പ്രവർത്തനം മുന്നേറുമ്പോഴാണ് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായത്. അതോടെ സർക്കാരിന്റെ ആകെ ശ്രദ്ധ അങ്ങോട്ടായി.
നൂറുദിന പരിപാടിയുടെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ സ്‌റ്റോറുകൾ വഴി വിലകുറച്ച് കാൻസർ മരുന്നുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്‌ക്കുശേഷം ഉപയോഗിക്കേണ്ട മരുന്നുകളുൾപ്പെടെ വിലകൂടിയ മരുന്നുകൾ ലാഭമെടുക്കാതെ കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി നൽകാൻ പദ്ധതി ആരംഭിക്കും.
47 വകുപ്പുകളിൽ 1,070 പദ്ധതികൾക്കായി 13,013.40 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക. 2,59,384 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ലക്ഷ്യമിടുന്നു. 706 പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനും 364 പദ്ധതികളുടെ നിർമാണ ഉദ്ഘാടനമോ പ്രഖ്യാപനമോ നടത്താനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഉപജീവന പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.എല്ലാ പരിപാടികളും ജനകീയമായി സംഘടിപ്പിക്കാനും പ്രാദേശക തല സംഘാടക സമിതി രൂപീകരിച്ച് വ്യാപക പ്രചാരണം സംഘടിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..