കോഴിക്കോട്
മനസ്സിൽ കെടാതെ സൂക്ഷിച്ച പാട്ടും വരയും എഴുത്തും മിനുക്കിയെടുത്തവർ വേദികളിലെത്തിയപ്പോൾ അഴകായി വിരിഞ്ഞ് ‘അറിവുത്സവം’. രണ്ട് ദിവസങ്ങളായി നടക്കുന്ന സിഐടിയു സന്ദേശം സംസ്ഥാന അറിവുത്സവത്തിന് നടക്കാവ് ജിവിഎച്ച്‌എസ്‌എസിൽ തുടക്കമായി. സിഐടിയു അംഗങ്ങളായ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 219 തൊഴിലാളികളാണ് എഴുത്തും വരയും പാട്ടുമായി മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
കഥ, കവിത, ലേഖനം, പോസ്‌റ്റർ ഡിസൈൻ, പ്രസംഗം, ചലച്ചിത്ര ഗാനാലാപനം, മുദ്രാവാക്യ രചന എന്നീ മത്സരങ്ങളാണ് ആദ്യദിനം നടന്നത്. പ്രായഭേദമന്യേ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന സ്‌ത്രീകളും പുരുഷന്മാരും മികവാർന്ന പ്രകടനം നടത്തി കൈയടി നേടി. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഞായർ തളി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിലാണ് അറിവുത്സവം. രാവിലെ 9.30ന് തൊഴിലാളി ജീനിയസിനെ കണ്ടെത്തൽ മത്സരം നടക്കും. ക്വിസ് മാസ്‌റ്റർ ജി എസ് പ്രദീപ് മത്സരം നയിക്കും. വൈകിട്ട് അഞ്ചിനാണ് ഫൈനൽ. മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. പകൽ മൂന്നിന് നടക്കുന്ന സെമിനാറിൽ സുനിൽ പി ഇളയിടം, വി കെ ശ്രീരാമൻ എന്നിവർ സംസാരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..