29 September Sunday

നൂതനാശയങ്ങളുടെ സം​ഗമവേദി ; ബയോ കണക്ട് 2.0 കോൺക്ലേവ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ബയോ കണക്ടിൽ കെൽട്രോൺ സ്റ്റാൾ സന്ദർശിക്കുന്ന പ്രതിനിധികൾ


തിരുവനന്തപുരം
ലൈഫ്‌ സയൻസ്‌ മേഖലയിൽ കൂടുതൽ നിക്ഷേപവും തൊഴിലവസരവും ഉറപ്പാക്കാനായി വ്യവസായവകുപ്പ് സംഘടിപ്പിച്ച  ബയോ കണക്ട് 2.0 കോൺക്ലേവിന് സമാപനം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിനാണ് വിവിധ കമ്പനികൾ താൽപ്പര്യം അറിയിച്ചത്. ലൈഫ് സയൻസസ്, ബയോമെഡിക്കൽ സാങ്കേതികവിദ്യാരംഗത്തെ നൂതനാശയങ്ങളുടെ പ്രദർശന വേദികൂടിയായി കോൺക്ലേവ് മാറി.  നിരവധി ഗവേഷണ വികസന സ്ഥാപനങ്ങളുടെയും സ്വകാര്യ സംരംഭങ്ങളുടെയും പങ്കാളിത്തത്തോടെ, ബയോമെഡിക്കൽ മേഖലയിലെ ആധുനിക ഗവേഷണത്തിന്റെയും വികസനത്തിന്റെയും കേന്ദ്രമായി കേരളം മാറുന്നതിന്റെ നേർസാക്ഷ്യമായിരുന്നു പ്രദർശനത്തിലെ സ്റ്റാളുകൾ.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, കെൽട്രോൺ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, നാഷണൽ റിസർച്ച് ഡെവലപ്‌മെന്റ് കോർപറേഷൻ, മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി, വിൻവിഷ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഹെക്ക മെഡിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കാളികളായത്. ഇന്ത്യയിലെ ഇൻ-വിട്രോ ഡയഗ്നോസ്റ്റിക് (ഐവിഡി) കമ്പനികളിൽ വലുപ്പത്തിൽ രണ്ടാമതുള്ള അഗപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡും പ്രദർശനത്തിൽ സാന്നിധ്യം അറിയിച്ചു. 1995-ൽ മുംബൈയിൽ സ്ഥാപിതമാകുകയും 2005ൽ കൊച്ചിയിലേക്ക് ആസ്ഥാനം മാറ്റുകയും ചെയ്ത അഗാപ്പെ 90-ലധികം രാജ്യങ്ങളിലേക്ക് ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ കയറ്റുമതി ചെയ്യുകയും ആഗോള ബയോമെഡിക്കൽ വ്യവസായത്തിൽ കേരളത്തിന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്ത സ്ഥാപനമാണ്. സമാപന സമ്മേളനത്തിൽ കേന്ദ്ര സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പ് മുൻ സെക്രട്ടറി പ്രൊഫ. ടി രാമസ്വാമി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർ‌ക്ക് സിഇഒ ഡോ. കെ എസ് പ്രവീൺ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top