29 September Sunday

കേരള ട്രാവല്‍ മാര്‍ട്ട് ; കേരളീയ കരകൗശലത്തിന്‌ നിറകൈയടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


കൊച്ചി
കടലോരത്തുനിന്ന് ശേഖരിക്കുന്ന നക്ഷത്രമത്സ്യങ്ങളും ചിപ്പികളും തീരത്തെ മണൽത്തരികളുംകൊണ്ട് തീർത്ത മെഴുകുതിരികൾ, കളിമണ്ണിൽ തീർത്ത വിസ്മയങ്ങൾ, വ്യത്യസ്തയിനം നൂലുകളിലും ഫൈബറിലും തീർത്ത കരകൗശല ഉൽപ്പന്നങ്ങൾ... വിവിധ കേരളീയ ഗ്രാമീണ കരകൗശലനിർമാണ വൈദഗ്ധ്യം അവതരിപ്പിച്ച് വിദേശികളടക്കമുള്ള സന്ദർശകരുടെ പ്രശംസ നേടുകയാണ് കേരള ട്രാവൽ മാർട്ട് (കെടിഎം) പ്രദർശനത്തിലെ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ (ആർടി മിഷൻ) പവിലിയൻ.

മിഷനിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകളാണ് കൊച്ചി വെല്ലിങ്ടണ്‍ ഐലൻഡ് സാഗര–-സാമുദ്രിക കൺവൻഷൻ സെന്ററിലെ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
ബേപ്പൂരിലെ ‘കാൻഡിൽ ക്യൂന്‍' യൂണിറ്റാണ് നക്ഷത്രമത്സ്യങ്ങൾകൊണ്ട് അലങ്കരിച്ച മെഴുകുതിരി അവതരിപ്പിച്ചിരിക്കുന്നത്. മിനി, ഷീജ, ഐശ്വര്യ, അഞ്ജു എന്നിവരുടെ കൂട്ടായ്മയ്ക്ക് കഴിഞ്ഞവർഷം 200 ഓർഡറാണ്‌ വിദേശത്തുനിന്ന് ലഭിച്ചത്. സുഗന്ധവ്യഞ്ജനങ്ങളും പൂക്കളും ചേർത്ത് ദീപാവലിക്കായി പല നിറങ്ങളിൽ തയ്യാറാക്കിയ വിളക്കുകളും ഇവരുടെ ശേഖരത്തിലുണ്ട്.

കോഴിക്കോട് ബാലുശേരിയിൽനിന്നുള്ള വിജുനയുടെ ക്രാഫ്റ്റ് അക്കാദമി വർണനൂലുകളും ചായങ്ങളുംകൊണ്ട് നിർമിച്ച കരകൗശല ഉൽപ്പന്നങ്ങൾ തനത് നെയ്ത്തുകലാവിദ്യയും പരിചയപ്പെടുത്തുന്നു. കളിമണ്ണിൽ തീർത്ത വ്യത്യസ്ത ഉൽപ്പന്നങ്ങളിലൂടെയാണ് കോഴിക്കോട് എലത്തൂർ സ്വദേശി പി ബി ബിദുല സന്ദർശകരെ ആകർഷിക്കുന്നത്. പ്രദർശനം ഞായറാഴ്ച സമാപിക്കും. വിവിധ വിഭാ​ഗങ്ങളിലായി 347 സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. പൊതുജനങ്ങൾക്ക് പകൽ ഒന്നിനുശേഷം സന്ദർശിക്കാം. പ്രവേശനം സൗജന്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top