22 December Sunday

നാടകവേദിയുടെ സ്ഥലത്തിന്‌ പട്ടയത്തിനായി നെട്ടോട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


പെരുമ്പാവൂർ
മുടക്കുഴ രംഗം നാടകവേദി ഗ്രാമീണ വായനശാല കെട്ടിടമിരിക്കുന്ന സ്ഥലം പതിച്ചുകിട്ടാനുള്ള സംഘാടകരുടെ ശ്രമം വർഷങ്ങൾ പിന്നിട്ടിട്ടും ഫലം കണ്ടില്ല. മുടക്കുഴ പഞ്ചായത്ത്‌ കണ്ണഞ്ചേരിമുകൾ ആനക്കല്ല് പ്രദേശത്ത് സാംസ്കാരികപ്രവർത്തനത്തിന്റെ ഭാഗമായി നാട്ടുകാരായ നാടകപ്രേമികൾ ചേർന്ന് 1992ൽ ആരംഭിച്ചതാണ് രംഗം നാടകവേദി.

വേദിയിൽ 75 അംഗങ്ങളെ ചേർത്ത് വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലത്ത്‌ നാടക പരിശീലനം. പിന്നീട് ആനക്കല്ല് ജങ്ഷനിൽ ആറ് സെന്റ്‌ റവന്യു പുറമ്പോക്ക് സർക്കാരിൽനിന്ന് പാട്ടത്തിനെടുത്ത് കെട്ടിടം നിർമിച്ചു. നാടകം കളിച്ചുകിട്ടുന്ന തുച്ഛമായ തുകയും അംഗങ്ങളുടെ സേവനവും ഉപയോഗിച്ചാണ് 1993ൽ കെട്ടിടം നിർമിച്ചത്. ഇതിനായി നാൽപ്പതോളം വേദികളിൽ നാടകം കളിച്ചു. സംഗീതനാടക അക്കാദമിയിൽ രജിസ്റ്റർ ചെയ്തു. 98ൽ താലൂക്ക് ലൈബ്രറിയിൽ രജിസ്ട്രേഷൻ എടുത്ത് ഗ്രാമീണ വായനശാലയും ആരംഭിച്ചു. 2000 പുസ്തകശേഖരവും വായനശാലയിലുണ്ട്. കൊലചെയ്യപ്പെട്ട നിയമവിദ്യാർഥിനി ജിഷയും സഹോദരി ദീപയും നാടകവേദിക്കായി നായികമാരായി വേഷമിട്ടിട്ടുണ്ട്. 2012ൽ ക്ലബ് അംഗമായ സുരേഷ് ബാബു രചിച്ച ‘അവസ്ഥാന്തരം’ നാടകത്തിൽ രണ്ടു സഹോദരങ്ങളുടെ ഭാര്യമാരായിട്ടാണ് ഇരുവരും അഭിനയിച്ചത്‌.

വേദിയിരിക്കുന്ന ആറു സെന്റ്‌ പതിച്ചുകിട്ടാൻ 15 വർഷമായി സംഘാടകർ ശ്രമിക്കുന്നു. 2008ൽ മുടക്കുഴ പഞ്ചായത്ത് ഭരണസമിതി പട്ടയം കൊടുക്കാനായി റവന്യു വിഭാഗത്തിലേക്ക് ശുപാർശ ചെയ്തെങ്കിലും സ്ഥാപനത്തിന് പട്ടയം കൊടുക്കാനാകില്ല, വ്യക്തികൾക്കാണ് പട്ടയം കൊടുക്കുന്നതെന്ന നിലപാടായിരുന്നു. പട്ടയം ലഭിക്കാനുള്ള അപേക്ഷ പലതവണ മുഖ്യമന്ത്രിക്കും കലക്‌ടർക്കും നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top