പറവൂർ
പട്ടികജാതി വ്യവസായ പാർക്ക് ഭൂമിയിടപാടിൽ ആരോപണവിധേയരായവർക്കെതിരെ നടപടിയെടുക്കണമെന്ന എൽഡിഎഫ് കൗൺസിലർമാരുടെ ആവശ്യം ഭരണപക്ഷം അംഗീകരിക്കാത്തത് നഗരസഭാ കൗൺസിൽ യോഗത്തെ പ്രക്ഷുബ്ധമാക്കി. തുടർന്ന് നഗരസഭാ അധ്യക്ഷ ഉൾപ്പെടെയുള്ള ഭരണപക്ഷ അംഗങ്ങളെ പൂട്ടിയിട്ട് എൽഡിഎഫ് അംഗങ്ങൾ ഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
2015–-16 ൽ എസ്‌സി ഫണ്ട് ഉപയോഗിച്ച് നഗരസഭ മുന്നാംവാർഡിലാണ് 31 സെന്റ് ഭൂമി വാങ്ങിയത്. ഭൂമിയിടപാടിൽ ക്രമക്കേട് ആരോപിച്ച് മുൻ നഗരസഭാ കൗൺസിലർ സുനിൽ സുകുമാരൻ പരാതി നൽകിയിരുന്നു. കലക്ടർ നിർദേശിച്ച വിലയിലും അധികമായി സൊലേഷ്യം ഇനത്തിൽ 8,99,000 രൂപ കൗൺസിലിലെ എതിരഭിപ്രായം പരിഗണിക്കാതെ നൽകി. ഇതിന് അന്നത്തെ നഗരസഭാ അധ്യക്ഷ വത്സല പ്രസന്നകുമാറും, സെക്രട്ടറി വി പി ഷിബുവും ഉത്തരവാദികളാണെന്ന് അന്വേഷണം നടത്തിയ മേഖലാ പെർഫോമൻസ് ഓഡിറ്റ് ഓഫീസർ കണ്ടെത്തി. അധികമായി ചെലവിട്ട തുക ഇരുവരിൽനിന്നും തുല്യമായി ഈടാക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ട് തദ്ദേശവകുപ്പ് ഉത്തരവിറക്കിയിരുന്നു.
ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് തദ്ദേശവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി ഭൂമിയിടപാടുസംബന്ധിച്ച യോഗം വിളിച്ചിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ടവരിൽനിന്ന് 50 ലക്ഷം രൂപയും പലിശയും ഈടാക്കാൻ നഗരസഭ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം നിർദേശിച്ചെങ്കിലും അംഗീകരിച്ചില്ല. ഭൂമിയുടെ രേഖകളിലെ ചില വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും കേസുമായി മുന്നോട്ടുപോയാൽ ഭൂമി നഗരസഭയുടെ പേരിൽ ലഭിക്കുമെന്ന വാദമാണ് ഭരണപക്ഷം ഉയർത്തിയത്. രണ്ടു ദിവസംമുമ്പ് ലഭിച്ച നിയമോപദേശവും വ്യാജരേഖകളും ഹാജരാക്കി കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ടി വി നിഥിൻ പറഞ്ഞു.
ഭൂമി വാങ്ങാൻ സർക്കാർ നിൾചയിച്ചതിനെക്കാൾ കൂടുതൽ ചെലവാക്കിയ തുക ഉത്തരവാദികളായവരിൽനിന്ന് ഈടാക്കണമെന്ന ഉത്തരവ് പൂഴ്ത്തിവച്ചതും എൽഡിഎഫ് ചോദ്യം ചെയ്തു. വിഷയത്തിൽ അന്നത്തെ 10 കോൺഗ്രസ് കൗൺസിലർമാർക്കെതിരെയും മുൻ സെക്രട്ടറിക്കെതിരെയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..