23 December Monday
21 പേർ തീവ്രപരിചരണ വിഭാഗത്തിൽ , ക്ഷേത്രം കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ

നീലേശ്വരം വെടിക്കെട്ടപകടം : 154 പേർക്ക്‌ പരിക്ക്‌ , 7 പേർ വെന്റിലേറ്ററിൽ , എട്ടുപേരുടെ നില ഗുരുതരം

സ്വന്തം ലേഖകൻUpdated: Wednesday Oct 30, 2024

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവിൽ 
വെടിക്കെട്ടപകടം നടന്ന സ്ഥലം 
പരിശോധിക്കുന്ന പൊലീസ്‌ സംഘം


നീലേശ്വരം (കാസർകോട്‌)
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ്‌ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ 154 പേരിൽ എട്ടുപേരുടെ നില ഗുരുതരം. 7 പേർ വെന്റിലേറ്ററിലാണ്‌. തിങ്കൾ അർധരാത്രി കളിയാട്ടത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി സമീപത്തെ വെടിപ്പുരയിലേക്ക്‌ തെറിച്ചാണ്‌ വൻസ്‌ഫോടനമുണ്ടായത്‌. 21 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്‌. 14 ആശുപത്രികളിലായി 102 പേരാണ്‌ ആകെ ചികിത്സയിലുള്ളത്‌. കൂടുതൽപേർക്കും പൊള്ളലാണ്‌. പൊട്ടിയതിൽ അധികവും തീവ്രത കുറഞ്ഞ പടക്കമായതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തിൽ ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി കെ ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രതീഷ്  എന്നിവരെ അറസ്റ്റുചെയ്തു. കേസിൽ എട്ടുപേരാണ് പ്രതികൾ.കലക്ടറും ജില്ലാ പൊലീസ്‌ മേധാവിയും അന്വേഷണം പ്രഖ്യാപിച്ചു. ചെറിയ കെട്ടിടത്തിലാണ്‌  പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്നത്‌. പടക്കം പൊട്ടിച്ച സ്ഥലവും ഇതുമായി അഞ്ചുമീറ്റർപോലും അകലമില്ലായിരുന്നു. ഇതാണ്‌ അപകടത്തിലേക്ക്‌ വഴിവച്ചത്‌. മന്ത്രി പി രാജീവ്‌, മുൻ മന്ത്രി ഇ പി ജയരാജൻ, ജില്ലയിലെ എംഎൽഎമാർ തുടങ്ങിയവർ അപകടസ്ഥലം സന്ദർശിച്ചു.

അനുമതിയില്ലായിരുന്നു : 
കലക്ടർ
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ്‌ ക്ഷേത്രത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതും വെടിക്കെട്ട് നടത്തിയതും അനുമതിയില്ലാതെയാണെന്ന് കാസർകോട്‌ കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പടക്കം സൂക്ഷിക്കുന്ന സ്ഥലവും പടക്കം പൊട്ടിക്കുന്ന സ്ഥലവും തമ്മിൽ കുറഞ്ഞത് 100 മീറ്റർ അകലമെങ്കിലും വേണമെന്നാണ് നിയമം. ഇവിടെ അഞ്ചുമീറ്റർ മാത്രം അകലമേ ഉണ്ടായിരുന്നുള്ളൂ.

സംഭവത്തിൽ പൊലീസ്‌ അന്വേഷണത്തിനുപുറമെ, കലക്ടറും അന്വേഷണം പ്രഖ്യാപിച്ചു. എഡിഎം പി അഖിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌ കലക്ടര്‍ അറിയിച്ചു. എഡിഎമ്മും സംഘവും അപകടസ്ഥലം സന്ദർശിച്ച് തെളിവ്‌ ശേഖ
രിച്ചു.  ജില്ലാ പൊലീസ്‌ മേധാവി ഡി ശില്‍പ്പയും പ്രത്യേക സംഘത്തെ നിയോഗിച്ചു. അഡീഷണല്‍ എസ്‌പി പി ബാലകൃഷ്‌ണന്‍നായരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തും സംഘവുമാണ്‌ അന്വേഷിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top