23 December Monday

അക്കിത്തത്തിന്റേത് അനുകമ്പയുടെ കവിതകൾ: പുരസ്‌കാര നിർണയ സമിതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019


ഭാരതീയ തത്ത്വചിന്തയുടെയും ധാർമികമൂല്യങ്ങളുടെയും സവിശേഷമുദ്രകൾ വഹിക്കുന്നവയാണ്‌ അക്കിത്തം കവിതകളെന്ന്‌ പുരസ്‌കാര നിർണയസമിതി വിലയിരുത്തി. അളക്കാനാകാത്ത അനുകമ്പ പ്രതിഫലിക്കുന്ന ആ കവിതകൾ പാരമ്പര്യത്തിനും ആധുനികതയ്‌ക്കും മധ്യേയുള്ള പാലമാണ്‌.

അതിവേഗം മാറിമറിയുന്ന സാമൂഹ്യസാഹചര്യങ്ങളിലെ  മനുഷ്യവികാരങ്ങളെ ആഴത്തിൽ ഖനനം ചെയ്യുന്ന കവിതകളാണ്‌ അക്കിത്തത്തിന്റേതെന്നും പ്രമുഖ നോവലിസ്‌റ്റ്‌ പ്രതിഭാറായ്‌ അദ്ധ്യക്ഷയായ സമിതി ചൂണ്ടിക്കാണിച്ചു.

മുമ്പ്‌ പലവട്ടം അക്കിത്തത്തിന്റെ പേര്‌ പുരസ്‌കാരത്തിനായി ഉയർന്നുവന്നിരുന്നെങ്കിലും അന്തിമതീരുമാനത്തിലേക്ക്‌ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ലെന്ന്‌ ജ്ഞാനപീഠം സമിതി ഡയറക്ടർ മധുസൂധൻ ആനന്ദ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാരമ്പര്യത്തിനും ആധുനിതകയ്‌ക്കും ഇടയിലുള്ള ശക്തമായ കണ്ണിയെന്ന നിലയിൽ സർഗസംഭാവനകൾ നടത്തിയ വ്യക്തിത്വമാണ്‌ അക്കിത്തമെന്ന്‌ പുരസ്‌കാരനിർണയ സമിതിയിൽ അംഗമായ കവി പ്രഭാവർമ  പ്രതികരിച്ചു. ഇരുപതാംനൂറ്റാണ്ടിലെ ഇതിഹാസം പോലെയുള്ള കൃതികളിലൂടെ ആധുനികതയുടെ പതാകാവാഹകനാകാൻ അദ്ദേഹത്തിന്‌ സാധിച്ചു. 

പ്രൊഫ. ഷമീം ഹൻഫി,  പ്രൊഫ. ഹരീഷ്‌ ത്രിവേദി, മാധവ്‌ കൗശിക്ക്‌, പ്രൊഫ. സുരഞ്‌ജൻദാസ്‌, ഡോ. എസ്‌ മണിവാളൻ, പ്രൊഫ. പുരുഷോത്തംബില്ലിമാലേ, പ്രൊഫ. അസ്‌ഗർ വജാഹത്ത്‌, ചന്ദ്രകാന്ത്‌ പാട്ടീൽ, മധുസൂധൻ ആനന്ദ്‌, മാധവ്‌ കൗശിക്ക്‌ എന്നിവരാണ്‌ പുരസ്‌കാരനിർണയസമിതിയിലെ മറ്റംഗങ്ങൾ.  
 

കൃതികളും അവാർഡുകളും
ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, ബലിക്കല്ല്‌, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം, തെരഞ്ഞെടുത്ത കവിതകൾ, കവിതകൾ സമ്പൂർണം തുടങ്ങിയവയാണ്‌ പ്രധാനകൃതികൾ.

അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവർണക്കിളികൾ, മനസ്സാക്ഷിയുടെ പൂക്കൾ, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകൾ, ബലിദർശനം,  അനശ്വരന്റെ ഗാനം, സഞ്ചാരികൾ, കരതലാമലകം, ദേശസേവിക, സാഗരസംഗീതം (സി ആർ ദാസിന്റെ ഖണ്ഡകാവ്യ വിവർത്തനം) എന്നിവയാണ്‌ മറ്റ്‌ കവിതാസമാഹാരങ്ങൾ. ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകൾ, കളിക്കൊട്ടിൽ എന്നീ ബാലസാഹിത്യകൃതികളും കടമ്പിൻപൂക്കൾ, അവതാളങ്ങൾ എന്നീ ചെറുകഥകളും ‘ഈ ഏടത്തി നൊണേ പറയൂ’ എന്ന നാടകവും ഉപനയനം, സമാവർത്തനം എന്നീ ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്‌.
മൂർത്തിദേവി പുരസ്‌കാരം, എഴുത്തച്ഛൻ അവാർഡ്‌, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌, കേരള സാഹിത്യഅക്കാദമി അവാർഡ്‌, വയലാർ അവാർഡ്‌, കബീർസമ്മാൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. അക്കിത്തം കവിതകൾ നിരവധി ഭാരതീയ, വിദേശ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top