കൊച്ചി
ആനയെഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നും മാർഗനിർദേശത്തിൽ മാറ്റംവരുത്തുന്നില്ലെന്നും ആവർത്തിച്ച് ഹെെക്കോടതി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്ന ഉത്തരവിൽ ഇളവുതേടി തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രസമിതിയും കൊച്ചിൻ ദേവസ്വം ബോർഡും നൽകിയ ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
വെള്ളിയാഴ്‌ച ഉത്സവം നടക്കുന്ന തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ആനപ്പന്തലിന് 22 മീറ്റർ വീതിയാണുള്ളത്. ഇവിടെ 15 ആനകളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഓരോ ആനയ്ക്കും രണ്ടു മീറ്ററോളം വീതിയുണ്ടെന്നും ഇവ തമ്മിൽ മൂന്നു മീറ്റർവീതം അകലം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. നാലോ അഞ്ചോ ആനകൾക്ക് നിൽക്കാനുള്ള ഇടമേയുള്ളൂ. കോടതി നിർദേശിച്ച ദൂരപരിധിക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് വ്യക്തമാക്കാൻ വന്യജീവി ഗവേഷകൻ ഡോ. പി എസ് ഈസയിൽനിന്ന് വാദത്തിനിടെ കോടതി ഓൺലൈനായി വിവരം തേടി. ആനകളുടെ നാലുചുറ്റും മൂന്നു മീറ്റർ അകലം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിൽക്കാൻ മതിയായ ഇടമില്ലാത്തതും പരിമിതമായ ഭക്ഷണവും പരസ്പരം സ്പർശിക്കുന്നതും ആനകൾക്ക് പ്രകോപനമായേക്കാമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈസ പറഞ്ഞു.
ഉത്സവപ്പകിട്ടിനായാണ് ആനകളെ എഴുന്നള്ളിക്കുന്നതെന്നും ആചാരത്തിനായല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്സവങ്ങളിൽ ആന വാണിജ്യചരക്കാണിപ്പോൾ. കാലുകൾ കൂച്ചിക്കെട്ടിയ ആനകളെ കണ്ട് ആനന്ദിക്കുന്നവർ എന്ത് ആനപ്രേമികളാണെന്നും കോടതി ചോദിച്ചു. ഒരുമാസത്തിനിടെ ഏഴു നാട്ടാനകൾകൂടി ചരിഞ്ഞു. 35 ശതമാനമാണ് മരണനിരക്ക്. കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ ആനകൾക്ക് കരുതലേകണം. അല്ലെങ്കിൽ വിഷമകരമായ അവസ്ഥയിലേക്കെത്തും. 65 വയസ്സ് കഴിഞ്ഞ ആനകളെ പരിചരിക്കാൻ പ്രത്യേക ഇടവും ഫണ്ടും സർക്കാർ കണ്ടെത്തേണ്ടതാണെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
മാര്‍ഗനിര്‍ദേശം അപ്രായോഗികം: മന്ത്രി കെ രാജന്‍
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ മാർഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജൻ. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ പൂരം അതിന്റെ എല്ലാ പ്രൗഢിയോടും പാരമ്പര്യത്തോടും കൂടി നടത്തണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. കോടതി നിരീക്ഷണങ്ങളോട് യോജിക്കാനാവില്ല. ആന ഉടമസ്ഥരും ദേവസ്വം ബോര്‍ഡുകളും അടക്കമുള്ള എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതി നിർദേശം. ഈ സാഹചര്യത്തിൽ ചട്ടഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്നതിൽ നിയമവിദഗ്ധരുമായി ആലോചിക്കും. പുതിയ മാർഗനിർദേശംവച്ച് പൂരം നടത്താനാകില്ല. കുടമാറ്റംപോലും നടത്താനാകാതെ വരും. പ്രധാനപ്പെട്ട ഒരുപാട് ഉത്സവങ്ങളെയും അത് ബാധിക്കും.
നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ട യാത്രയിലുള്ള വനം മന്ത്രി ഡിസംബറിൽ തിരികെ എത്തിയാലുടൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കും. പൂരവുമായി ബന്ധപ്പെട്ട ആശങ്ക പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..