തിരുവനന്തപുരം
മാലിന്യമുക്തം നവകേരളം പദ്ധതി ബഹുജനങ്ങളെ അണിനിരത്തി ഊർജിതമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡിലെ നിർവഹണ സമിതികൾ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് തീരുമാനം. തദ്ദേശവകുപ്പ് ജോ.ഡയറക്ടർമാർ തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ച് നിർവഹണ സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കും. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സ്വകാര്യസംരംഭകരുടെ നൂതന സാങ്കേതികവിദ്യകൾക്ക് സാങ്കേതിക അനുമതി ലഭ്യമാക്കാനുള്ള കാലതാമസം പരിഹരിക്കാൻ ശുചിത്വമിഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്‌റ്റ് മാനേജ്‌മെൻ്റ് പ്രോജക്റ്റ് എന്നിവയുടെ തീരുമാനങ്ങൾ ത്വരിതപ്പെടുത്തും.
ദ്രവമാലിന്യ സംസ്കരണത്തിന് പൊതു–- സ്വകാര്യ പങ്കാളിത്തം സുഗമമായി നടപ്പാക്കാനും പരിപാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത പദ്ധതികൾക്ക് പരമാവധി രണ്ടാഴ്ച്ചയ്ക്കകം സർക്കാർ അനുമതി നൽകണം.സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തി. അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ നൂറു ശതമാനം ഹരിതമാക്കുന്നതിന്റെ പ്രഖ്യാപനം മാർച്ച് 30നകം നടക്കും. ജനുവരി 26 ന് ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സമ്പൂർണ ശുചിത്വവും ഭംഗിയുള്ളതുമായ ടൗണുകളുടെ പ്രഖ്യാപനവും അന്ന് നടക്കും.യോഗത്തിൽ മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, നവകേരള കർമ്മ പദ്ധതി കോ–- ഓർഡിനേറ്റർ ടി എൻ സീമ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..