കാസർകോട്/കണ്ണൂർ
കാസർകോട്, കണ്ണൂർ ജില്ലകളിൽ നാലു കുട്ടികളടക്കം ആറുപേർ പുഴയിൽ മുങ്ങിമരിച്ചു. കാസർകോട് പയസ്വിനിപ്പുഴയിൽ ബന്ധുക്കളായ മൂന്നു കുട്ടികളും കണ്ണൂരിൽ ഇരിട്ടി വള്ളിത്തോടിനടുത്ത് ചരൾപ്പുഴയിൽ കൊറ്റാളി സ്വദേശികളായ കുട്ടിയടക്കം രണ്ടുപേരും കൊളക്കാട് നെല്ലിക്കുന്നിൽ ഒരാളുമാണ് മരിച്ചത്.
കാസർകോട് എരിഞ്ഞിപ്പുഴ ടൗണിലെ വ്യാപാരിയായ ഇ അഷ്‌റഫിന്റെയും ശബാനയുടെയും മകൻ യാസിൻ (12), സഹോദരൻ എരിഞ്ഞിപ്പുഴ മജീദിന്റെയും സഫീനയുടെയും മകൻ സമദ് (12), അഷ്‌റഫിന്റെ സഹോദരി മഞ്ചേശ്വരം ഉദ്യാവറിലെ റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ് (17) എന്നിവരാണ് മരിച്ചത്. കൊറ്റാളിക്കാവിനു സമീപത്തെ വയലിൽ പൊല്ലാട്ട് വിൻസെന്റ് (42), അയൽവാസി ചെറിയേടത്ത് സുരേഖയുടെ മകൻ ആൽവിൻ കൃഷ്ണ (9) എന്നിവരും നെല്ലിക്കുന്നിൽ ശാസ്‌താംകുന്നേൽ ജെറിൻ ജോസഫു (27) മാണ് മരിച്ചത്.
എരിഞ്ഞിപ്പുഴ പാലത്തിന് സമീപം പഴയകടവിൽ ശനി പകൽ ഒന്നരയ്‌ക്കാണ് അപകടം. സ്‌കൂൾ അവധിക്ക് അഷ്‌റഫിന്റെ വീട്ടിൽ എത്തിയതാണ് മറ്റു കുടുംബാംഗങ്ങൾ. മൂന്നു കുട്ടികളും കുളിക്കാൻ റിയാസിന്റെ ഉമ്മ റംലയെയും കൂട്ടിയാണ് തൊട്ടടുത്തുള്ള പുഴയിൽ പോയത്. റിയാസ് മുങ്ങിയപ്പോൾ രക്ഷിക്കാൻ റംലയും നീന്തലറിയാവുന്ന മറ്റു രണ്ടു കുട്ടികളും പുഴയിൽ ചാടി.
ഓടിയെത്തിയവർ റംലയെ കരയ്‌ക്കെത്തിച്ചെങ്കിലും റിയാസടക്കമുള്ളവരെ കണ്ടെത്താനയില്ല. പിന്നീട് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ റിയാസിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിന്നീടാണ് യാസിന്റെയും സമദിന്റെയും മൃതദേഹം കണ്ടെത്തിയത്. യാസിൻ കാനത്തൂർ എയുപി സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഫാത്തിമത് സഫ, ആമീൻ. സമദ് ഉപ്പള മുസോടി യുപി സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: മുഹമ്മദ് ഷാമിൽ. റിയാസിന്റെ സഹോദരി: റിസ്വാന.
പകൽ മൂന്നോടെയാണ് കണ്ണൂർ ചരളിലെ അപകടം. അസുഖബാധിതയായ അമ്മ മറിയാമ്മയെ കാണാൻ ചരളിലുള്ള സഹോദരി ജെസിയുടെ വീട്ടിൽ എത്തിയതാണ് വിൻസെന്റ്. വിൻസെന്റും ആൽവിൻ കൃഷ്ണയും ജെസിയുടെ മകനും ചരൾപ്പുഴ കാണാൻ പോയതാണ്. പുഴയിലിറങ്ങിയ ആൽവിൻ കൃഷ്ണ ചുഴിയിൽപ്പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ വിൻസെന്റും അപകടത്തിൽപ്പെട്ടു.
പ്രദേശവാസികൾ ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിൻസെന്റ് അവിവാഹിതനാണ്. റോയ് മറ്റൊരു സഹോദരൻ. പള്ളിക്കുന്ന് സ്‌കൂൾ നാലാംക്ലാസ് വിദ്യാർഥിയാണ് ആൽവിൻ കൃഷ്ണ. അച്ഛൻ: രാജേഷ്. സഹോദരൻ: അലൻ കൃഷ്ണ. കേളകം കുണ്ടേരി ആഞ്ഞിലിക്കയത്തിയലാണ് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ജെറിൻ ജോസഫ് മുങ്ങിമരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..