കൊച്ചി
രാജ്യത്തിന്റെ പ്രവേശനകവാടമായി മാറുകയാണ് സിയാലിന്റെ (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ലക്ഷ്യം മുൻനിർത്തിയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് സർവീസ് തുടങ്ങുന്ന എയർലൈനുകൾക്ക് പാർക്കിങ്, ലാൻഡിങ് ഫീസ് ഒഴിവാക്കിയത്. രാജ്യത്തെ ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന തുടക്കക്കാരായ കമ്പനികൾക്ക് പാർക്കിങ് ഫീസിൽ ഇളവ്, സൗജന്യ നിരക്കിൽ ടെർമിനലിന് അകത്ത് ഓഫീസ് കെട്ടിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വാഗ്‌ദാനം ചെയ്‌തു. കാലത്തിന് അനുസൃതമായി സിയാൽ ചിന്തിക്കുന്നതിന്റെയും പ്രവർത്തിക്കുന്നതിന്റെയും ഉദാഹരണങ്ങളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്’ ഹോട്ടൽ സമുച്ചയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടക്കമിട്ടിരിക്കുന്ന 1000 കോടിയുടെ വികസനപദ്ധതികൾ പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സിയാൽ മാറും. വ്യോമയാനമേഖലയിലെ വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഭാവിപരിപാടികളാണ് നടപ്പാക്കുന്നത്. നിലവിൽ 28 വിമാന കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. ദിവസം 225 സർവീസ് കൈകാര്യം ചെയ്യുന്നുണ്ട്. കൂടുതൽ വിമാന കമ്പനികളെ ആകർഷിക്കുക, പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കുക, പരമാവധി സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുക, അത്യാധുനിക സുരക്ഷ ഏർപ്പെടുത്തുക എന്നിവയിലൂടെ രാജ്യത്തിന്റെതന്നെ പ്രവേശനകവാടമായി മാറുകയെന്നതാണ് സിയാലിന്റെ ലക്ഷ്യം. മൂന്നാം ടെർമിനൽ വികസനം, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്, കൊമേഴ്‌സ്യൽ കോംപ്ലക്‌സ്, ഗോൾഫ് ടൂറിസം പദ്ധതി എന്നിവയാണ് 1000 കോടി പദ്ധതികളിൽ പ്രധാനം. ഇതെല്ലാം അടുത്ത സാമ്പത്തികവർഷത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. മൂന്നാം ടെർമിനൽ വികസനത്തോടെ രാജ്യാന്തര ടെർമിനൽ ഏപ്രൻ വിസ്‌തൃതി 36 ലക്ഷം ചതുരശ്രയടിയാകും. 52 വിമാനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനാകും. രാജ്യാന്തര ടെർമിനൽ വിസ്‌തൃതി 21 ലക്ഷം ചതുരശ്രയടിയാകും. കോംപ്ലക്‌സ് പൂർത്തിയാകുമ്പോൾ വ്യോമയാന ഇതരവരുമാനം വൻതോതിൽ വർധിക്കും. പുതിയ പദ്ധതികൾ 30,000 തൊഴിലവസരം സൃഷ്ടിക്കും. അനുബന്ധനിക്ഷേപവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..