28 December Saturday

സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തിൽ ഗവർണർ കീഴടങ്ങി

കെ ശ്രീകണ‌്ഠൻUpdated: Thursday Jan 30, 2020

നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ഭേദഗതി നിയമ പരാമർശം പൂർണമായും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സഭയിൽ വായിച്ചത്‌ സർക്കാരിന്റെ വലിയ രാഷ്‌ട്രീയനേട്ടമായി. മന്ത്രിസഭ അംഗീകരിച്ച്‌ നൽകിയ പ്രസംഗം മുഴുവൻ ഗവർണർ സഭയിൽ വായിച്ചു. സർക്കാരും ഗവർണറും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലും അതുവഴി ഉരുത്തിരിയുന്ന ഭരണപ്രതിസന്ധിയിലും മനക്കോട്ടകെട്ടിയ പ്രതിപക്ഷവും ഗവർണർക്കൊപ്പം സർക്കാരിന്റെ ഉറച്ച നിലപാടിനുമുന്നിൽ മുട്ടുകുത്തി.

നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനം ഗവർണർ വായിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുശടയും കണക്കുകൂട്ടൽ. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ ഈ ഭാഗം ഒഴിവാക്കാൻ കഴിയില്ലെന്ന്‌ ഗവർണറോട്‌ മുഖ്യമന്ത്രി പിണറായി വിജയൻ  അടിവരയിട്ട്‌ വ്യക്തമാക്കി. ഭരണഘടനയുടെ പ്രസക്തമായ അനുച്ഛേദം സഹിതം മുഖ്യമന്ത്രി നൽകിയ വിശദീകരണത്തോടെ ഗവർണർ നിലപാട്‌ തിരുത്തി. ഇതിലൂടെ പൗരത്വ വിഷയത്തിൽ സർക്കാരിന്റെ  പ്രഖ്യാപിത നിലപാട്‌ ഒന്നുകൂടി വ്യക്തമാക്കാൻ കഴിഞ്ഞു.

പ്രസംഗത്തിൽ മാറ്റം വരുത്തണമെന്ന ഗവർണറുടെ ആവശ്യത്തിനു വഴങ്ങാൻ സർക്കാർ കൂട്ടാക്കിയില്ല എന്നതാണ്‌ ഏറ്റവും ശ്രദ്ധേയം. നിയമസഭ പ്രമേയം പാസാക്കിയതിനെയും സുപ്രീംകോടതിയെ സമീപിച്ചതിനെയും ശക്തിയായി എതിർത്ത ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻതന്നെ, കേരളത്തിന്റെ ആശങ്കയാണ്‌ ഇതിലെല്ലം പ്രതിഫലിച്ചതെന്ന്‌ നിയമസഭയിൽ വ്യക്തമാക്കി.

നയപ്രഖ്യാപനത്തിലും കേരള മാതൃക
നിയമസഭാ പ്രമേയത്തിലടക്കം കേരളത്തിന്റെ പാത പിന്തുടർന്ന മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌  നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യത്തിലും കേരളം മാതൃകയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്‌ കിട്ടുന്ന മേൽക്കൈയാണ്‌ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നത്‌. പരിഗണിച്ച എല്ലാ കോടതികളും തള്ളിയ ലാവ്‌ലിൻ കേസ്‌ ഇതുമായി കൂട്ടിക്കുഴക്കുന്നത്‌ ഈ കടുത്ത മാനസിക വിഭ്രാന്തിമൂലമാണ്‌.

എൽഡിഎഫ്‌ മനുഷ്യ മഹാശൃംഖലയിലെ വർധിച്ച ജനപങ്കാളിത്തവും അതിൽ കോൺഗ്രസ്‌, മുസ്ലിംലീഗ്‌ അണികളുടെ കുത്തൊഴുക്കും സൃഷ്‌ടിച്ച അങ്കലാപ്പിലാണ്‌ പ്രതിപക്ഷം. ഈ പ്രതിസന്ധിയിൽനിന്ന്‌ കരകയറാനുള്ള പഴുതായി സർക്കാരും ഗവർണറുമായുള്ള സ്വരച്ചേർച്ചയില്ലായ്‌മയെ കാണുകയും ചെയ്‌തു. ഇത്‌ ലക്ഷ്യം കണ്ടില്ലെന്നു മാത്രമല്ല പാളുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top