09 September Monday
13 ശതമാനം ഭൂപ്രദേശങ്ങളും ദുർബലം

പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍, ഇപ്പോള്‍ തോരാക്കണ്ണീരായ് മുണ്ടക്കൈയും ചൂരല്‍മലയും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

കല്പറ്റ> വയനാട്ടില്‍ 2019 ലെ ഉരുള്‍പൊട്ടലിന്റെ ദുരന്തം ഏറ്റുവാങ്ങിയ  പുത്തുമലയ്ക്ക് അല്പം അകലെമാത്രമാണ് ചൂരൽമല, മുണ്ടകൈ പ്രദേശങ്ങൾ. ആറുവർഷത്തെ ഇടവേളയിൽ അവിടെ വളരെ വലിയ ദുരന്തം വീണ്ടുമെത്തി. കേരളത്തില്‍ പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍, കൊക്കയാര്‍ ഉരുൾ പൊട്ടൽ ദുരന്തങ്ങൾ ചെറിയ കാലയളവുകളിൽ സംഭവിച്ചവയാണ്.

സംസ്ഥാനത്ത് ഇന്നു നാം കാണുന്ന എല്ലാ പാറകളും 220 മുതല്‍ 300 കോടി വർഷം പഴക്കമുള്ളതാണ്. പക്ഷേ, അതിന്റെ മുകളില്‍ കാണുന്ന ഒരു മീറ്റര്‍ കനമുള്ള മണ്ണ് വെറും 10000 വർഷം മാത്രം പഴക്കമുളളതും. അതുകൊണ്ടുതന്നെ നല്ലൊരു മഴ പെയ്താല്‍ ഈ മണ്ണ് ഊർന്ന് ഇറങ്ങി വരാനുളള സാധ്യത കൂടുതലാണ് എന്നാണ് ഭൌമശാസ്ത്രജ്ഞര്‍ പറയുന്നത്.

ജനവാസവും ഇടപെടലും മാത്രമല്ല ഉരുള്‍പൊട്ടല്‍ സംഭവിക്കാന്‍ കാരണമാവുന്നത്. എന്നാല്‍ ഇത് കൂടി കാരണമായി വരുന്നു എന്നുമാത്രമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു. കേരളത്തെ സംബന്ധിച്ച് ഉരുൾപൊട്ടലിലേക്ക് നയിക്കുന്ന പ്രേരക ഘടകം മഴ തന്നെയാണ്. ഒരു മണിക്കൂറില്‍ എത്ര മഴ ലഭിക്കുന്നു എന്നതും ഉരുൾപൊട്ടലിനെ സ്വാധീനിക്കുന്ന ഘടകമാണ്. കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ ഭൂഖണ്ഡത്തിലെ തീരത്തോട് ചേര്‍ന്ന ഈ ഇത്തിരി ഭാഗത്തെ നന്നായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

 

 

യാതൊരു മനുഷ്യ ഇടപെടലുകളും നടന്നിട്ടില്ലാത്ത ഇടമായിരുന്നു പെട്ടിമുടി. സംരക്ഷിത വനമേഖലയായ രാജമലയുടെ ഭാഗം. ആദ്യമായൊരു ജെ സി ബി ചെന്നെത്തിയത് ഉരുൾപൊട്ടലുണ്ടായിടത്ത് മൃതദേഹങ്ങള്‍ തിരയാനായിരുന്നു എന്ന് പെട്ടിമുടിക്കാര്‍ തന്നെ പറയുകയുണ്ടായി. എന്നിട്ടും ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ചു.

കുറച്ചുസമയത്തിനുള്ളില്‍ വളരെ ശക്തിയായ മഴപെയ്യുന്ന പ്രവണതയാണ് ഉരുൾപൊട്ടലുകൾക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളില്‍ ഒന്ന്. പെട്ടിമുടിയിലും പുത്തുമലയിലും കവളപ്പാറയിലും ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലാണ് ഉരുൾപൊട്ടല്‍ ഉണ്ടായത്. 2012ല്‍ കോഴിക്കോട് പുല്ലൂരാംപാറയില്‍ ഒരു മണിക്കൂറിനുള്ളില്‍ 36 ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ ആ പ്രദേശത്ത് പെയ്തത് ശക്തമായ മഴയായിരുന്നു.

കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾപൊട്ടിയത് ചരിവ് കൂടിയ പ്രദേശത്താണ്. അതിനുതാഴെയാണ് ജനങ്ങള്‍ വീടുകള്‍ വെച്ച് താമസിച്ചത്. 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശമായിരുന്നു. കൂട്ടിക്കലും കൊക്കയാറിലും ഉണ്ടായ ഉരുൾപൊട്ടലുകൾക്ക് പ്രധാന കാരണം മഴയാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ 100 മില്ലി മീറ്ററില്‍ അധികം മഴ ലഭിച്ചുവെന്ന് പ്രദേശിക മഴമാപിനിയില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞതായി ദുരന്ത ശേഷം റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് 13 ശതമാനം പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍

കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യത നേരിടുന്നതായി പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുമായി ചേര്‍ന്ന് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സസ് (കുഫോസ്) ആണ് പഠനം പുറത്ത് വിട്ടത്. 2018 ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ 3.46 ശതമാനം ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 

ഒരു മൺസൂണ്‍ കാലത്തേയ്ക്ക് ഒന്നിച്ചുപെയ്യാനുളള മഴ ഒരാഴ്ചകൊണ്ട് പെയ്തിറങ്ങുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഗുരുത്വാകർഷണം മൂലം ശിലകളോ ദ്രവിച്ച പാറയോ മേൽമണ്ണോ മുകളിൽനിരന്ന് താഴോട്ട് പതിക്കുന്നതിനെയാണ് ഭൂദ്രവ്യശോഷണം (Mass Wasting)എന്നുപറയുന്നത്. മലയിടിച്ചില്‍ (Slump), ശിലാപതനം (Rockfall), ശിലകളുടെ തെന്നിമാറല്‍ (Debrisflow), ഉരുള്‍ പൊട്ടല്‍ (Landslide), ഭൂമിയുടെ ഇടിഞ്ഞുതാഴല്‍ (Subsidence) എന്നീ ഭൗമപ്രതിഭാസങ്ങളാണ് കേരളത്തില്‍ കണ്ടുവരുന്നത്. രണ്ട് മീറ്റര്‍ ആഴത്തില്‍ മേൽമണ്ണ് താഴേയ്ക്ക് പതിക്കുന്നതാണ് മലയിടിച്ചില്‍. ഉരുൾപൊട്ടല്‍ എന്ന് പറഞ്ഞാല്‍ മണ്ണും അതിന് അടിയിലെ ദ്രവിച്ച പാറയും മരങ്ങളും വെള്ളവും എല്ലാം ഒന്നുചേർന്ന് ശക്തിയായി താഴേക്ക് പതിക്കുന്നതാണ്. മലയിടിച്ചിലുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ അധികം ആഴത്തിലും ശക്തിയിലും സംഭവിക്കുന്ന ഒന്നാണ് ഉരുൾപൊട്ടല്‍ എന്നാണ് വിവരിക്കപ്പെടുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top