22 November Friday

യുവതിയെ വെടിവച്ച 
വനിതാ ഡോക്ടർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024


തിരുവനന്തപുരം
യുവതിയെ വീട്ടിൽക്കയറി എയർഗണ്ണുപയോഗിച്ച്‌ വെടിവച്ച കേസിൽ വനിതാ ഡോക്ടർ പിടിയിൽ. കൊല്ലത്ത്‌ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ദീപ്‌തിമോളെ (37)യാണ്‌ വഞ്ചിയൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌.ഞായർ രാവിലെയാണ്‌ പെരുന്താന്നി സ്വദേശിയുടെ വീട്ടിലെത്തി എയർഗണ്ണുപയോഗിച്ച്‌ വെടിയുതിർത്തത്‌. വ്യാജനമ്പർ പ്ലേറ്റുപയോഗിച്ച കാറിലെത്തിയായിരുന്നു വെടിയുതിർക്കൽ.

സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ്‌ പൊലീസ്‌ പ്രതിയെ പിടികൂടിയത്‌. വെടിയേറ്റ യുവതിയുടെ ഭർത്താവുമായുള്ള വ്യക്തിവിരോധമാണ്‌ ആക്രമണത്തിന്‌ കാരണമായതെന്ന്‌ പൊലീസ്‌ പറയുന്നു. നേരത്തേ കൊല്ലത്ത്‌ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ദീപ്‌തി ജോലി ചെയ്യുമ്പോൾ അവിടെ പബ്ലിക്‌ റിലേഷൻസ്‌ ഓഫീസറായിരുന്നു പെരുന്താന്നി സ്വദേശിനിയുടെ ഭർത്താവ്‌. ആ സമയം ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട്‌ തെറ്റിപ്പിരിഞ്ഞു.

പെരുന്താന്നി സ്വദേശിയുടെ ഇടപെടലാണ്‌ തങ്ങളുടെ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയതെന്നും അതിലുള്ള പ്രതികാരമായാണ്‌ വെടിവയ്‌ക്കാൻ തീരുമാനിച്ചതെന്നും ഇവർ പറയുന്നു. താൻ നിരന്തരം മാനസിക സംഘർഷം അനുഭവിച്ചെന്നും യുവാവും കുടുംബവും ഇതേ പ്രയാസം അനുഭവിക്കണമെന്നും കരുതിയാണ്‌ വെടിവയ്‌ക്കാൻ തീരുമാനിച്ചതെന്നും മൊഴി നൽകി.   ഓൺലൈനിൽ നിന്ന്‌ ഓർഡർ ചെയ്‌തുവാങ്ങിയ തോക്കുപയോഗിച്ചാണ്‌ യുവതിയെ വെടിവച്ചത്‌. ബന്ധുവിന്റെ കാർ കൃത്യത്തിനായി ഉപയോഗിച്ചുവെന്നും ദീപ്‌തിമോൾ മൊഴി നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top