22 December Sunday

മരണപ്പുഴയായി
 ചാലിയാർ ; മൃതദേഹങ്ങൾ കുത്തിയൊലിച്ചത്‌ 30 കിലോമീറ്റര്‍

ജിജോ ജോർജ്‌Updated: Wednesday Jul 31, 2024

ചാലിയാറിന്‌ അക്കരെ കണ്ടെത്തിയ മൃതദേഹങ്ങൾ കൊണ്ടുവരുന്നു


മലപ്പുറം
നിറഞ്ഞൊഴുകിയ ചാലിയാറിന്റെ തീരത്ത്‌ അങ്ങിങ്ങായി മൃതദേഹങ്ങൾ അടിഞ്ഞു. കിലോമീറ്ററുകൾക്കപ്പുറം വയനാട്‌ ചൂരൽമലയിലുണ്ടായ ദുരന്തത്തിന്റെ ആഴമറിയുന്നത്‌ അപ്പോഴാണ്‌.ചൂരൽമലയിൽനിന്ന്‌ അലറിപ്പാഞ്ഞ വെള്ളത്തിനൊപ്പം ചാലിയാറിലേക്ക്‌ ഒഴുകിയെത്തിയത്‌ നിരവധി മൃതദേഹങ്ങളും ശരീരാവശിഷ്‌ടങ്ങളും. ചാലിയാറിന്റെ കരയിലെങ്ങും കരളലിയിപ്പിക്കുന്ന കാഴ്‌ചകൾ.

ചൊവ്വ രാവിലെ വെള്ളംതാഴ്‌ന്നതോടെയാണ്‌ പുഴയുടെ പലഭാഗങ്ങളിൽ മൃതദേഹങ്ങൾ കണ്ടുതുടങ്ങിയത്‌. പാതിയറ്റ ശരീരങ്ങളായിരുന്നു ഏറെയും. ഉടലില്ലാത്ത തലകൾ, കൈകൾ, കാലുകൾ...  ഉള്ളം നടുക്കിയ കാഴ്‌ചകൾ. ചൊവ്വ രാവിലെ ഏഴരയോടെ പോത്തുകല്ല്‌ കുന്നിപ്പാല കടവിൽനിന്ന് നാല്‌ വയസുള്ള ആൺകുട്ടിയുടെ മൃതദേഹം കിട്ടി. പതിയെപ്പതിയെ വിവിധ ഭാഗങ്ങളിൽ മൃതദേഹങ്ങൾ കണ്ടതോടെ നാടാകെ ഞെട്ടി.

സർക്കാർ സംവിധാനങ്ങളെല്ലാം അതിവേഗം ഉണർന്നു. രാവിലെത്തന്നെ ഇരുകരകളിലും മൃതദേഹങ്ങൾക്കായി തിരച്ചിൽ നടന്നു. ഇതിനിടെ,  മറുകരയിലെ മുണ്ടേരി വനത്തിന്റെ പലയിടങ്ങളിലും മൃതദേഹങ്ങളുണ്ടെന്ന വിവരം പുറത്തുവന്നു. ഇതോടെ തിരച്ചിലിന്റെ പ്രധാന കേന്ദ്രമായി മുണ്ടേരി വാണിയമ്പുഴ കടവ്‌ മാറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ രക്ഷാപ്രവർത്തകർ കുതിച്ചെത്തി. എൻഡിആർഎഫ്‌, പൊലീസ്‌, അഗ്നിരക്ഷാസേന, വനംവകുപ്പ്‌, മറ്റ്‌ സേനാവിഭാഗങ്ങൾ, ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ ഉൾപ്പെടെയുള്ള സംഘടനകൾ കൈയും മെയ്യും മറന്നിറങ്ങി. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക്‌ എത്തിക്കാൻ ആംബുലൻസുകളും മറ്റ്‌ വാഹനങ്ങളും നിരന്നു.

വാണിയമ്പുഴ കടവ്‌
ചാലിയാറിന്റെ കരയിലെ വാണിയമ്പുഴ കടവായിരുന്നു തിരച്ചിലിന്റെ കേന്ദ്രം. നിലമ്പൂരിൽനിന്ന്‌ ഏതാണ്ട്‌ 25 കിലോ മീറ്റർ അകലെ മുണ്ടേരിയിലെത്തി. അവിടെനിന്ന്‌ മുണ്ടേരി ഫാമിനുള്ളിലൂടെ അഞ്ച്‌ കിലോ മീറ്ററോളം സഞ്ചരിച്ചാണ്‌ വാണിയമ്പുഴ കടവിലെത്തുക. വഴിയിലുള്ള പയ്യാണിതോട്‌ കടക്കാൻ വടത്തിൽ പിടിച്ചുപോകണം. അല്ലെങ്കിൽ ട്രാക്ടറിൽ കയറണം. പുഴയ്‌ക്ക്‌ അക്കരെ ആദിവാസികൾ കണ്ടെത്തിയ മൃതദേഹങ്ങൾ ഡിങ്കി ബോട്ട്‌ ഉപയോഗിച്ച്‌ ഇക്കരയെത്തിച്ചു. അവിടെനിന്ന്‌ പ്ലാസ്‌റ്റിക്‌ കവറുകളിലാക്കി ട്രാക്ടറിൽ കയറ്റി പയ്യാണിതോട്‌ കടത്തി മുണ്ടേരി ഫാം പരിസരത്ത്‌ എത്തിച്ചശേഷമാണ്‌ ആംബുലൻസിൽ കയറ്റിയത്‌. രാത്രി 7.30ഓടെ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. അപ്പോഴും കരയിൽ മഴ കണ്ണീർപൊഴിച്ചുകൊണ്ടേയിരുന്നു. ബുധൻ രാവിലെ ഏഴോടെ തിരച്ചിൽ പുനഃരാരംഭിക്കും.

കാനനപാത
മുണ്ടേരി വാണിയമ്പുഴ കടവിൽനിന്ന്‌ ഏതാണ്ട്‌ 22 കിലോമീറ്റർ നടന്നാൽ അപകടം നടന്ന സ്ഥലത്ത്‌ എത്താം. അതിൽ 14 കിലോമീറ്റർ കൊടുംകാടാണ്‌. മൊത്തം അഞ്ച്‌ കിലോമീറ്റർ കൊടും വനമാണ്‌. ആദിവാസികൾ കാനനപാതയിലൂടെ വയനാട്‌ മേപ്പാടി ഭാഗത്തേക്ക്‌ സഞ്ചരിക്കാറുണ്ട്‌. വരുംദിവസങ്ങളിൽ ആദിവാസികളുടെ സഹായത്തോടെ കാട്ടിൽ മൃതദേഹങ്ങളുണ്ടോയെന്ന്‌ തെരയും.

മൃതദേഹങ്ങൾ കുത്തിയൊലിച്ചത്‌ 30 കിലോമീറ്റര്‍
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ മലപ്പുറം ജില്ലയിലെ പോത്തുകല്ല് മുണ്ടേരി ചാലിയാർ പുഴയിലേക്ക്‌ ഒഴുകിയെത്തിയത് 30 കിലോ മീറ്റർ.  ചാലിയാറിന്റെ ഉപനദിയായ ഇരുവഴിഞ്ഞിപ്പുഴ മുണ്ടക്കൈ മലവാരത്തുനിന്നാണ് ഉത്ഭവിക്കുന്നത്. വഴിപിരിഞ്ഞുപോകുന്ന ഇരുവഴിഞ്ഞിയുടെ മറ്റൊരു ഭാഗമായ ചൂരൽമലപ്പുഴ മുണ്ടക്കൈയിൽനിന്ന്‌ തിരിഞ്ഞ്‌ ചൂരൽമല വഴി സൂചിപ്പാറ വെള്ളച്ചാട്ടം കഴിഞ്ഞ്‌ ചുള്ളിക്കൽ പുഴയായി  ദീർഘദൂരം ചുറ്റിസഞ്ചരിച്ചാണ്‌ ചാലിയാർ പുഴയിൽ ചേരുന്നത്‌.

പോത്തുകല്ല് പഞ്ചായത്തിലെ കുമ്പളപ്പാറ ആദിവാസി നഗറിൽനിന്ന് 10 കിലോമീറ്റർ അകലെയാണ് ചാലിയാർ മലപ്പുറം ജില്ലയിലേക്ക്‌ പ്രവേശിക്കുന്നത്. കുമ്പളപ്പാറമുതൽ ചാത്തമുണ്ട ഗ്രാമംകടവുവരെ പോത്തുകല്ല് പഞ്ചായത്തിലൂടെ ചാലിയാർ ഒഴുകുന്നു. ചളിമണ്ണും പാറയും മരങ്ങളുമടക്കമാണ് ഉരുൾപൊട്ടലിന്റെ അവശിഷ്ടമായി മുണ്ടേരിയിലെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top