24 December Tuesday

സഭാഘടനയെ ദുർബലപ്പെടുത്തരുതെന്ന്‌ 
സിറോ മലബാർ സഭ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കൊച്ചി
സഭാഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കരുതെന്ന്‌ സിറോ മലബാർ സഭ. ആഗോള സിറോ മലബാർ സഭയുടെ ഒരു അതിരൂപതയിലെ ഒരുവിഭാഗം വൈദികരും അൽമായരും ചേർന്ന്‌ സഭാഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. ഇതുവഴി സഭയുടെ ദൗത്യത്തെയും ശുശ്രൂഷകളെയുമാണ് തളർത്തുന്നതെന്ന്‌ അവർ തിരിച്ചറിയണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. മെത്രാന്മാരെ തിരസ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന വൈദികർ പൗരോഹിത്യത്തെത്തന്നെ തിരസ്‌കരിക്കാനാണ് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. മെത്രാൻസ്ഥാനവും പൗരോഹിത്യവും ഒരേ യാഥാർഥ്യത്തിന്റെ വ്യത്യസ്ത പ്രകാശനങ്ങൾമാത്രമാണ്. സഭാസമൂഹത്തിൽ ഏറ്റവും ആദരവോടെമാത്രം കരുതപ്പെടുന്ന ഇടമാണ് അതിരൂപതാകേന്ദ്രം. അപ്പസ്തോലന്മാരുടെ പിൻഗാമിയായ അതിരൂപത അധ്യക്ഷന്റെ ഭവനമാണത്. അനുവാദമില്ലാതെ അവിടെ പ്രവേശിച്ച്‌ അരാജകത്വം സൃഷ്ടിക്കുന്നതിലൂടെ അതിരൂപത തറവാടിന്റെ അഭിമാനവും പാവനതയുമാണ് തെരുവുസമാനമാക്കുന്നതെന്ന്‌ തിരിച്ചറിയണമെന്നും സിറോ മലബാർ സഭ പ്രസ്‌താവനയിൽ പറഞ്ഞു.

ഡീക്കന്മാരെ പിന്തുണച്ച്‌ അൽമായ പ്രതിനിധിസംഗമം

കൊച്ചി: എറണാകുളം–-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരെ പിന്തുണച്ച്‌ അൽമായ പ്രതിനിധിസംഗമവും പ്രതിഷേധറാലിയും. അൽമായ മുന്നേറ്റത്തിന്റെയും സംയുക്ത സമരസമിതിയുടെയും നേതൃത്വത്തിൽ ബിഷപ് ഹൗസിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിൽ അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണി, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. ജോസഫ് കുരീക്കൽ, പി പി ജെറാർദ്, റിജു കാഞ്ഞൂക്കാരൻ, ബോബി ജോൺ, തങ്കച്ചൻ പേരയിൽ, ജോജോ ഇലഞ്ചിക്കൽ എന്നിവർ സംസാരിച്ചു.
ബിഷപ് ഹൗസിൽ കടന്നുകയറി സമരം നടത്തുന്നു എന്ന രീതിയിലുള്ള സിറോ മലബാർ സഭാ വക്താവിന്റെ പ്രസ്‌താവന അംഗീകരിക്കാനാകില്ലെന്നും അൽമായ മുന്നേറ്റം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top