30 September Monday
ജീവൻവച്ചാണ് കളി

തട്ടിക്കൂട്ട് പണിയുമായി ദേശീയപാത അതോറിറ്റി

സ്വന്തം ലേഖകൻUpdated: Monday Sep 30, 2024

കഴക്കൂട്ടം –-കാരോട് ദേശീയപാതയുടെ ഭാ​ഗമായ ഇൻഫോസിസിന് സമീപം 
സർവീസ് റോഡിനോട് ചേർന്ന് അശാസ്ത്രീയമായി നിർമിച്ച ഓട

തിരുവനന്തപുരം
നിർമാണം പൂർത്തിയായ കഴക്കൂട്ടം –-കാരോട് ദേശീയപാത ഉൾപ്പെടെ സംസ്ഥാനത്തെ പല റീച്ചുകളിലും അപകടങ്ങൾ കൂടുന്നതായി പരാതി. തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതും അശാസ്ത്രീയമായ അനുബന്ധ പ്രവൃത്തികളുമാണ് കാരണമെന്ന് വിദ​ഗ്‌ധർ പറയുന്നു. പരിപാലനച്ചുമതല നിർവഹിക്കാതെ ദേശീയപാത അധികൃതർ ജനങ്ങളുടെ ജീവൻവച്ച് കളിക്കുകയാണെന്നാണ് ആക്ഷേപം.

ആറ് മാസത്തിനിടെ കഴക്കൂട്ടം–- കാരോട് പാതയിൽ മാത്രം അമ്പതിലേറെ അപകടങ്ങളുണ്ടായി. നിർമാണം പൂർത്തിയായി ഒരുവർഷം കഴിഞ്ഞിട്ടും തെരുവുവിളക്കുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. പ്രധാന ജങ്ഷനുകളിലേക്ക് ചേരുന്ന ഇടങ്ങളിൽ ​ഗതാ​ഗതം വഴിതിരിച്ചുവിടാനുള്ള സൗകര്യവുമില്ല. എന്നാൽ, റോഡ് നിർമാണം പൂർത്തിയാകുംമുമ്പേ ടോൾ പിരിവ് നടക്കുന്നുമുണ്ട്. സംസ്ഥാനത്തെ ദേശീയപാതാ നിർമാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ദേശീയപാത അധികൃതർക്ക് പലതവണ കത്ത് നൽകിയിരുന്നു. സുരക്ഷ ഉറപ്പാക്കാൻ വിദഗ്‌ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു.

  ദേശീയപാത അതോറിറ്റിയിലെ മലയാളി ഉദ്യോ​ഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി അവിടെനിന്നുള്ള ഉദ്യോ​ഗസ്ഥരെയാണ് റീജിയണൽ ഓഫീസുകളിൽ നിയമിക്കുന്നത്. ഇവർ പരാതി ഉന്നയിക്കുന്നവരോട് കൃത്യമായി പ്രതികരിക്കാറില്ല.  കഴക്കൂട്ടം–- കാരോട്,  തലശേരി– - മാഹി ബൈപാസ്, കഴക്കൂട്ടം മേൽപ്പാലം, നീലേശ്വരം ടൗൺ ആർഒബി മൂരാട് പാലം തുടങ്ങിയവയാണ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകിയത്. ചിലയിടത്ത് മേൽപ്പാലങ്ങളുടെ സംരക്ഷണ ഭിത്തിക്ക് ഉയരമില്ലാത്തതും പ്രശ്‌നമാണ്‌. തിരുവനന്തപുരം വെൺപാലവട്ടത്ത് മേൽപ്പാലത്തിലൂടെ സഞ്ചരിക്കവെ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്ന് സർവീസ് റോഡിലേക്ക് വീണ് യുവതി മരിച്ചിരുന്നു.

അശാസ്ത്രീയ 
നിർമാണം ഇങ്ങനെ

 ദേശീയപാതയിൽ ഓട നിർമാണം പലയിടത്തും അശാസ്ത്രീയമായാണ്.  കഴക്കൂട്ടം –-കാരോട് ദേശീയപാതയുടെ ഭാ​ഗമായ ഇൻഫോസിസിന് സമീപം സർവീസ് റോഡിനോട് ചേർന്ന് ആഴത്തിലുള്ള ഓടയാണുള്ളത്. എന്നാൽ പലസ്ഥലത്തും പല ഉയരത്തിൽ വളവും തിരിവോടെയാണ് നിർമാണം. സ്ലാബിന്റെ ഒരു ​ഭാ​ഗം മാത്രമാണ് ഓടയുമായി ചേർന്ന് നിൽക്കുന്നത്. സർവീസ് റോഡിനോട് ചേർന്നുള്ള മറുഭാഗത്തെ സ്ലാബ് മൂന്ന് സെന്റീമീറ്റർ പോലുമില്ലാത്ത ഒരു വിടവിലാണ് ഉറപ്പിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top