22 December Sunday
കളമശേരി എച്ച്എംടി കവല

ഗതാഗതപരിഷ്കാര പരീക്ഷണം 2ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കളമശേരി എച്ച്എംടി കവല
ഗതാഗതപരിഷ്കാര പരീക്ഷണം 2ന്
കളമശേരി
വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന എച്ച്എംടി കവലയിൽ മന്ത്രി പി രാജീവ് മുൻകൈയെടുത്ത് നടപ്പാക്കുന്ന ഗതാഗതപരിഷ്കാരം ബുധനാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ഇതിനായി ദേശീയപാതയിലും ടിവിഎസ് കവലയിലും ആര്യാസ് ജങ്ഷനിലും നവീകരണം പൂർത്തിയായി. വൺവേ ട്രാഫിക് നടപ്പാക്കിയാണ് നിലവില്‍ ഗതാഗതസ്തംഭനം ഒഴിവാക്കുന്നത്.


2023 ഒക്ടോബറിൽ കലക്ടറുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗം മന്ത്രി വിളിച്ചുചേർത്തു. എച്ച്എംടി കവലയ്‌ക്കുസമീപമുള്ള റെയിൽവേ മേൽപ്പാലം കിഫ്ബി സഹായത്തോടെ വീതി കൂട്ടി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേയിൽനിന്ന് അനുകൂല നടപടി ഉണ്ടായില്ല. ജൂലൈ 13ന് പ്രദേശത്ത് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറും ഉദ്യോഗസ്ഥരും പരിശോധന നടത്തി, ആഗസ്ത്‌ നാലോടെ വൺവേ ട്രാഫിക് നടപ്പാക്കാൻ തീരുമാനിച്ചു.

ബസ് സ്റ്റോപ്പുകൾ 
പുനക്രമീകരിക്കും
എച്ച്എംടി ജങ്ഷനിലെ ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് എതിർദിശയിലേക്ക് മാറ്റിസ്ഥാപിക്കും. കാക്കനാട്, മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന്‌ വരുന്ന ബസുകൾക്ക് എച്ച്എംടി ജങ്ഷനിൽ ഒരു ബസ് സ്റ്റോപ്പ് ക്രമീകരിക്കും. നോർത്ത് കളമശേരി ഭാഗത്ത് അംഗീകാരം ഇല്ലാത്ത ബസ് സ്റ്റോപ്പുകൾ ഒഴിവാക്കി മെട്രോ സ്റ്റേഷനുസമീപം പുതിയ ഒരു ബസ് സ്റ്റോപ്പ് സ്ഥാപിക്കും.

സിഗ്നലുകൾ ഇല്ല
ഗതാഗതപരിഷ്കാരം നടപ്പാകുന്നതോടെ ആര്യാസ് കവലയിലും ടിവിഎസ് കവലയിലുമുള്ള സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കില്ല. ഈ രണ്ടു കവലകൾക്കിടയിൽ ആലുവ ഭാഗത്തേക്കുള്ള വൺവേ ട്രാഫിക് മാത്രമേ ഉണ്ടാകൂ. ടിവിഎസ് കവലയിൽനിന്ന് ആര്യാസ് ഭാഗത്തേക്കുള്ള ദേശീയപാതയിൽ രണ്ട് മെട്രോ തൂണുകൾക്കിടയിൽ വാഹനങ്ങൾക്ക് ട്രാക്ക്‌ മാറാനായി മീഡിയൻ മാറ്റി. ആലുവയ്‌ക്ക്‌ പോകേണ്ട വാഹനങ്ങൾ ഇടതുട്രാക്കിലും എൻഎഡി, കാക്കനാട്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ വലതുട്രാക്കിലും പോകണം. ടിവിഎസ് സിഗ്നൽ കവല ബ്ലോക്ക് ചെയ്യും.

പരിഷ്കാരം 
ഇങ്ങനെയൊക്കെ
കളമശേരിയിൽ ആര്യാസ് ജങ്ഷൻമുതൽ എച്ച്എംടി ജങ്ഷൻ, ടിവിഎസ് ജങ്ഷൻ, വീണ്ടും ആര്യാസ് ജങ്ഷൻ ഉൾപ്പെടുന്ന ഭാഗം ഒരു ട്രാഫിക് റൗണ്ടായി കണക്കാക്കി വൺവേ ട്രാഫിക് നടപ്പാക്കുന്നതാണ് പരിഷ്കാരം.
ആലുവ ഭാഗത്തുനിന്ന്‌ വരുന്ന എല്ലാ വാഹനങ്ങളും ആര്യാസ് ജങ്ഷനിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞുപോകണം. ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്നവ ടിവിഎസ് ജങ്ഷനിൽനിന്ന് ഫ്രീ ലെഫ്റ്റ് എടുത്ത് പോകണം. സൗത്ത് കളമശേരിയിലേക്ക് പോകുന്നവ കുസാറ്റ് ജങ്ഷനിൽനിന്ന് തിരിഞ്ഞുപോകണം.
കാക്കനാട്, സീപോർട്ട്–-എയർപോർട്ട് റോഡ് ഭാഗത്തുനിന്ന്‌ ആലുവ, ഏലൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനം എച്ച്എംടി ജങ്ഷനിൽനിന്ന്‌ ഇടത്തോട്ടുതിരിഞ്ഞ് ടിവിഎസ് ജങ്ഷനിൽനിന്ന്‌ വലതുവശത്തേക്ക് തിരിയണം.
ഇടപ്പള്ളി ഭാഗത്തുനിന്ന്‌ എച്ച്എംടി ജങ്ഷൻ, മെഡിക്കൽ കോളേജ്, എൻഎഡി ഭാഗത്തേക്ക് പോകേണ്ട വാഹനം ടിവിഎസ് ജങ്ഷനിൽനിന്ന്‌ നേരെ ആര്യാസ് ഭാഗത്തേക്ക് യാത്രചെയ്ത് വലതുഭാഗത്തെ ട്രാക്കില്‍ പ്രവേശിക്കണം. ആര്യാസ് ജങ്ഷനിൽനിന്ന് വലതുഭാഗത്തേക്ക്‌ തിരിഞ്ഞ്‌ യാത്ര തുടരാം.
 

സൗത്ത് കളമശേരി ഭാഗത്തുനിന്ന്‌ എച്ച്എംടി ജങ്ഷൻ, മെഡിക്കൽ കോളേജ്, എൻഎഡി, സീപോർട്ട്–-എയർപോർട്ട് റോഡ് ഭാഗത്തേക്ക് പോകേണ്ട വാഹനം ടിവിഎസ് ജങ്ഷനിൽനിന്ന്‌ ഇടത്തേക്ക്‌ തിരിയണം. തുടർന്ന് വലതുവശത്തെ ട്രാക്കിൽ കയറി ആര്യാസ് ജങ്ഷനിൽനിന്ന് വലതുതിരിഞ്ഞ് യാത്ര തുടരാം.


  ഇടപ്പള്ളി ഭാഗത്തുനിന്നും സൗത്ത് കളമശേരി ഭാഗത്തുനിന്നും ആലുവ ഭാഗത്തേക്കുള്ള ബസുകൾ ടിവിഎസ് ജങ്ഷനിൽനിന്ന്‌ ആര്യാസ് ജങ്ഷനിൽ എത്തണം. തുടർന്ന് റെയിൽവേ ഓവർബ്രിഡ്‌ജ് കടന്ന് എച്ച്എംടി ജങ്ഷനിൽ ആളുകളെ കയറ്റി/ഇറക്കി ടിവിഎസ് ജങ്ഷനിൽ എത്തി ആലുവയ്‌ക്ക്‌ പോകാം.


  എൻഎഡി ഭാഗത്തുനിന്ന്‌ ആലുവ, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനം എൻഎഡി റോഡിൽനിന്ന്‌ ഇടതുഭാഗത്തേക്ക് തിരിഞ്ഞ് എച്ച്എംടി ജങ്ഷൻവഴി ടിവിഎസ് ജങ്ഷനിൽനിന്ന് ദേശീയപാതയിൽക്കൂടി യാത്ര തുടരാം. എച്ച്എംടി കവലയിൽ ഓട്ടോറിക്ഷകൾക്ക് പ്രത്യേക ക്രമീകരണമുണ്ട്. ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ആര്യാസ് കവലയിലും എറണാകുളം ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് ടിവിഎസ് കവലയിലും യു ടേൺ സൗകര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top