01 October Tuesday

മയക്കുമരുന്ന്‌ കേസിൽ കുറ്റപത്രം ഉടൻ ; ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ഷെയ്‌ഖ്‌ ദർവേഷ്‌ സാഹേബ്‌


തിരുവനന്തപുരം
മയക്കുമരുന്ന് കേസുകളിൽ എത്രയും പെട്ടെന്ന്‌ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകണമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹേബ്‌. എഡിജിപിമാർ, സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ  യോഗത്തിലായിരുന്നു നിർദേശം. സ്കൂൾ, കോളേജ് അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധപ്രവർത്തനം  ഊർജിതമാക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തണം. കുറ്റവാളികളെ അമർച്ച ചെയ്യാൻ എറണാകുളത്ത്‌ നടപ്പാക്കിയ മാപ്പിങ്‌ സംവിധാനം വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പും തടയാൻ  ബോധവൽകരണം വ്യാപിപ്പിക്കും. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തും. മേഖലാ ഐജിമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തും. വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച വാഹനം കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും.

ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകും. കുറ്റപത്രം നൽകാൻ വൈകുന്ന പോക്സോ കേസ്‌ റേഞ്ച് ഡിഐജിമാർ വിലയിരുത്തി നടപടി സ്വീകരിക്കും. മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ ഇടപെടലിനും ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. പൊലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യങ്ങൾക്ക് അനുസൃതമായി അവധിയും ഓഫും അനുവദിക്കും. സാമ്പത്തിക മാനേജ്മെന്റ്‌ സംബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ബോധവൽക്കരണം നടത്താനും പൊലീസ് മേധാവി നിർദേശിച്ചു. ഈ വർഷം ജൂൺമുതലുള്ള മൂന്നുമാസത്തെ കുറ്റകൃത്യവും തുടർനടപടിയും യോഗം അവലോകനംചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top