25 November Monday

80ന്റെ നിറവില്‍ എന്‍ കെ ദേശം

വെബ് ഡെസ്‌ക്‌Updated: Sunday Oct 30, 2016


കൊച്ചി > കവിതയുടെ രസക്കൂട്ടൊരുക്കി ആസ്വാദകരെ കാവ്യവിരുന്നൂട്ടുന്ന കവി എന്‍ കെ ദേശത്തിന് 80 ആണ്ടുകളുടെ മധുരം തികഞ്ഞു. പിറന്നാളാഘോഷം കുന്നുംപുറം എസ്എഫ്എസ് ആശ്രമത്തില്‍ അശീതി ഉത്സവമായി ദേശവാസികള്‍ കൊണ്ടാടി.

എന്‍ കുട്ടികൃഷ്ണപിള്ള എന്ന എന്‍ കെ ദേശം ആസ്വാദകര്‍ക്കിടയില്‍ സരസകവി എന്നാണ് അറിയപ്പെടുന്നത്. കാരണം കവിതയിലൊരുക്കുന്ന രസക്കൂട്ടുതന്നെ. രണ്ടുവരി ഗദ്യം കുറിക്കാനറിയുന്ന ആരും മഹാകവിയാകുന്ന ഇക്കാലത്തും കവിതയില്‍ വൃത്തം, വ്യാകരണം, ഭാഷാശുദ്ധി എന്നിവയില്‍ അണുവിട വിട്ടുവീഴ്ചക്ക് ദേശം തയ്യാറല്ല. എഴുതുന്നത് തനിക്കും വായനക്കാര്‍ക്കും രസിക്കണം എന്നത് നിര്‍ബന്ധമായി കൊണ്ടുനടക്കുന്നു. സാമൂഹ്യ, രാഷ്ട്രീയ ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞവയാണ് മിക്ക രചനകളും.

പന്ത്രണ്ടാം വയസ്സുമുതല്‍ എഴുതിത്തുടങ്ങിയ ദേശം കവിതയെക്കാള്‍  ശ്ളോകങ്ങളിലാണ് ശ്രദ്ധയൂന്നിയത്.  ശ്ളോകരചനയിലെ നൈപുണ്യം മഹാകവികളെയും ഭാഷാപണ്ഡിതരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. കവിതയും വിവര്‍ത്തനങ്ങളുമടക്കം ഒട്ടേറെ കൃതികള്‍ രചിച്ച എന്‍ കെ ദേശത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ആശാന്‍ പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

എല്‍ഐസിയില്‍ ഉദ്യോഗസ്ഥനായിരുന്നു. 1996ല്‍ വിരമിച്ചു. ഭാര്യ: ആര്‍ ലീലാവതി. ബിജു, ബാലു, അപര്‍ണ എന്നിവര്‍ മക്കള്‍.

എണ്‍പതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് നടന്ന അശീതി മഹോത്സവം ഡോ. കെ ജി പൌലോസ് ഉദ്ഘാടനം ചെയ്തു. കാവ്യസംസ്കാരത്തിന്റെ വീണ്ടെടുപ്പിന് എന്‍ കെ ദേശത്തിന്റെ സംഭാവന വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എസ് കെ വസന്തന്‍, ഡോ. ആര്യാംബിക എന്നിവര്‍ സാഹിത്യചര്‍ച്ചയില്‍ സംസാരിച്ചു. സാജന്‍ കീടേത്ത് അധ്യക്ഷനായി. എസ് കൃഷ്ണന്‍കുട്ടി സ്വാഗതവും വി ജി കിരണ്‍ നന്ദിയും പറഞ്ഞു.

കവിസമ്മേളനത്തില്‍ ചെമ്മനം ചാക്കോ, തങ്കമണിയമ്മ, എസ്  രമേശന്‍നായര്‍, ശിവന്‍ മുപ്പത്തടം, ബാലന്‍ ഏലൂക്കര, തോമസ് പോള്‍, കെ വി രാമകൃഷ്ണന്‍, ചെറുകുന്നം വാസുദേവന്‍, ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി, കരിമ്പുഴ രാമചന്ദ്രന്‍, കടുങ്ങല്ലൂര്‍ നാരായണന്‍, ഡോ. സുരേഷ് മൂക്കന്നൂര്‍, സുഭാഷ്ചന്ദ്രന്‍ ദേശം, ഇന്ദുലേഖ, സുഗതന്‍ ചൂര്‍ണിക്കര എന്നിവര്‍ കവിത അവതരിപ്പിച്ചു.

മാദരണസഭ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാജേഷ് അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ മുഖ്യാതിഥിയായി. ഡോ. എം ഐ പുന്നൂസ്, ഡോ. അഥീന നിരഞ്ജ്, എന്‍ മോഹനന്‍ നായര്‍, വി കെ ഷാജി, എസ് പ്രതാപചന്ദ്രന്‍, ലത ഗംഗാധരന്‍, ബി മോഹനന്‍, പി വി കൃഷ്ണന്‍ കുറൂര്‍, ഫാ. ജിനോ, ആര്‍ ബാലകൃഷ്ണന്‍, കെ പി ഗോപന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ കെ ദേശത്തിന് കെ വാസു സ്മാരക ഗ്രന്ഥശാല മുക്തകശ്രീ പുരസ്കാരം നല്‍കി. ദേശം കവിതകളുടെ ആലാപനവും ഉണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top