22 December Sunday

ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പിന്‌ മലയാളി യുവാക്കളെ വലവീശുന്നു ; കംബോഡിയയിൽനിന്ന്‌ രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ

വി വി രഗീഷ്Updated: Wednesday Oct 30, 2024


വടകര
കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കളെ മോഹനവാഗ്ദാനം നൽകി വലവീശിപ്പിടിച്ചാണ് കംബോഡിയയിൽ ഓൺലൈൻ തട്ടിപ്പ്‌ നടത്തുന്നതെന്ന്‌  തൊഴിൽ തട്ടിപ്പിനിരയായി  നാട്ടിൽ തിരിച്ചെത്തിയ യുവാക്കൾ വെളിപ്പെടുത്തി.  കംബോഡിയയിൽ മാത്രം 600ലേറെ തട്ടിപ്പ്‌ സ്ഥാപനങ്ങൾ  പ്രവർത്തിക്കുന്നതായി അവർ പറഞ്ഞു. പ്രതിദിനം മൂന്നുമുതൽ ആറുകോടി രൂപ വരെ ഓരോ സംഘവും ഇന്ത്യയിൽനിന്നുമാത്രം ഓൺലൈൻ തട്ടിപ്പിലൂടെ  തട്ടിയെടുക്കുന്നു. വോയ്സ്, വീഡിയോ കോളുകളിലൂടെ  പരിചിത നമ്പറുകളിൽനിന്നുതന്നെ മറ്റുള്ളവരെ വിളിക്കാനുള്ള സംവിധാനം എഐ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവർ തന്നെയാണ്‌ അറിഞ്ഞോ അറിയാതെയോ തട്ടിപ്പിന് കൂട്ടുനിൽക്കുന്നത്‌.

അനധികൃത തട്ടിപ്പ് കമ്പനിയാണെന്ന് മനസ്സിലാക്കി ജോലി വേണ്ടെന്ന് വച്ചതോടെയാണ് കമ്പനിയുടെ കണ്ണിലെ കരടായതെന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിൽ തിരിച്ചെത്തിയവർ പറഞ്ഞു.  ചെറിയ ഒരു മുറിയിൽ മഹാത്മാ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും പടം വച്ച്  ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ വെർച്വൽ അറസ്‌റ്റിലാണെന്ന്‌ ധരിപ്പിച്ചുള്ള തട്ടിപ്പ്‌  മുതൽ നിരവധി രീതികൾ  പയറ്റുന്നുണ്ട്‌. 

ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്നതിനും ആളുകളുണ്ട്. മാനഹാനി കാരണം പലരും പുറത്ത് പറയാത്തതും പരാതി നൽകാത്തതും  തട്ടിപ്പ് സംഘങ്ങൾക്ക് വളമാകുന്നു.  ഇത്തരം രാജ്യങ്ങളിൽ ജോലിക്കാരെ എത്തിക്കാൻ കേരളത്തിൽ ഉൾപ്പെടെ ഏജൻസികളുണ്ട്‌. 800 മുതൽ 1000 ഡോളർ വരെ ശമ്പളം വാഗ്ദാനം നൽകിയാണ് റിക്രൂട്ട് ചെയ്യുന്നത്. ഒരാളെ കമ്പനിയിൽ എത്തിച്ചാൽ 3000 ഡോളർ വരെയാണ്‌ ഏജന്റിന് പ്രതിഫലം. ജോലി വേണ്ടെന്ന് അറിയിച്ചാൽ ചില കമ്പനികൾ പിരിഞ്ഞുപോകാൻ അനുവദിക്കും. ഉടക്കിയാൽ മടക്കം പ്രയാസമാകും. മുറിയിൽ അടച്ചിട്ട് മർദിക്കും. എറണാകുളം പറവൂർ നോർത്ത് സ്വദേശി റോഷൻ ആന്റണിയടക്കം ഏഴുപേരാണ്‌ കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top