22 December Sunday

പുനരധിവാസം വൈകുന്നു ; വില്ലേജ് 
ഓഫീസിൽ കീരേലിമലക്കാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


തൃക്കാക്കര
പുനരധിവാസം വൈകുന്നതിൽ കീരേലിമലനിവാസികൾ കാക്കനാട് വില്ലേജ് ഓഫീസറുടെ മുറിയിൽ കയറി പ്രതിഷേധിച്ചു. ചൊവ്വ പകൽ 11ന് വില്ലേജ് ഓഫീസർ റെജിമോന്റെ ഓഫീസിനുള്ളിൽ കയറിയാണ് 12 കുടുംബങ്ങൾ  പ്രതിഷേധിച്ചത്. ടിവി സെന്റർ പൊയ്യച്ചിറയിൽ അനുവദിച്ച സ്ഥലത്ത് വീട് നിർമിച്ചുനൽകണമെന്നതാണ് ഇവരുടെ ആവശ്യം.

ഓരോ കുടുംബത്തിനും വീട് നിർമിക്കാൻ സർക്കാർ നാലുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചതുപ്പുപ്രദേശമായ ഭൂമി നികത്തി ഉപയോഗപ്രദമാക്കി നൽകാൻ രണ്ടുമാസംകൂടി  വേണമെന്ന് വില്ലേജ് ഓഫീസർ പ്രതിഷേധക്കാരെ അറിയിച്ചു.

ഭൂമി ഒരുക്കുന്നതിനും വീടുനിർമാണത്തിനും സർക്കാർ ഫണ്ടിന് പുറമേ സ്പോൺസർഷിപ്പിന്‌ ജില്ലാ ഭരണാധികാരികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തദിവസം കലക്ടറുടെ ചേംബറിൽ യോഗം ചേരാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. മണ്ണിടിച്ചിൽഭീഷണി നേരിടുന്ന കാക്കനാട് അത്താണി കീരേലിമലയിലെ 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ രണ്ടുവർഷംമുമ്പ്  സർക്കാർ തീരുമാനിച്ചതാണ്. അതിനായി  ടിവി സെന്റർ വാർഡിലെ പൊയ്യച്ചിറയിൽ 50 സെന്റ്‌ റവന്യു പുറമ്പോക്ക് സർക്കാർ അനുവദിക്കുകയും ചെയ്തു. ഭൂമി കൈമാറുന്നതുവരെ ഇവരെ വാടകയ്‌ക്ക് താമസിപ്പിക്കുകയായിരുന്നു. ഓരോ കുടുംബത്തിനും 5000 രൂപവീതം നഗരസഭ നൽകണമെന്നായിരുന്നു കലക്ടർ നിർദേശിച്ചിരുന്നത്. ആദ്യത്തെ മൂന്നുമാസംമാത്രമാണ് ഇവർക്ക് നഗരസഭ വാടക നൽകിയത്.വാടകകുടിശ്ശിക കൂടിയതോടെ പലരും വാടകവീട് ഉപേക്ഷിച്ച് കീരേലിമലയിലേക്ക് തിരികെയെത്തി. മഴക്കാലത്ത്‌ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്  പതിവ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top