22 November Friday

കേരള ബാങ്ക് : സർക്കാർ സ്വീകരിച്ച നടപടികളെല്ലാം ശരി : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019


കേരള ബാങ്ക് രൂപീകരണത്തിന് സർക്കാർ കൊണ്ടുവന്ന നിയമഭേദഗതികളെയും ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിനെയും ചോദ്യംചെയ്ത് നൽകിയ 21 ഹർജിയും ഹൈക്കോടതി തള്ളി. കേരള ബാങ്ക് രൂപീകരണത്തിന് സർക്കാർ സ്വീകരിച്ച നടപടികളെല്ലാം ഭരണഘടനാപരമാണെന്ന്‌ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്‌ ഉത്തരവിൽ പറഞ്ഞു. ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് അനുമതി നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകിയ പ്രത്യേക അപേക്ഷയിൽ അടിയന്തരമായി വാദം കേട്ടാണ് നടപടി.

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും കൂടുതൽ പങ്കാളിത്തം നൽകുന്നതാണ് സർക്കാർ നടപടിയെന്ന് കോടതി പറഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും സംയോജനം ദോഷംചെയ്യുമെന്ന വാദം തെറ്റാണ്. ഇപ്പോൾ ജില്ലാ ബാങ്കുകളിലുള്ള അഫിലിയേഷൻ കേരള ബാങ്കിലേക്ക് മാറുകയേ ഉള്ളൂ. ഇത് അവർക്ക് കൂടുതൽ ഗുണകരമാണ്. സംസ്ഥാന സഹകരണ ബാങ്കിൽ ഇവർക്ക് വോട്ടവകാശം വേണമോയെന്നത് നിയമപ്രകാരമുള്ള തീരുമാനമാണ്. അതിൽ ഇടപെടാനാകില്ല.

ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആധുനിക ബാങ്കുകളുമായി മത്സരിക്കാൻ പ്രാഥമിക സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമാകില്ല. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന ബാങ്കിന് കഴിയും. ഇടനിലക്കാരായ ജില്ലാ ബാങ്കുകൾ ഇല്ലാതാകുന്നത് ചെലവ് കുറയ്‌ക്കും.  ജില്ലാ ബാങ്കുകൾതന്നെയാണ്‌ അവരുടെ സ്വത്തും ബാധ്യതയും കേരള ബാങ്കിന് കൈമാറാനുള്ള പ്രമേയം പാസാക്കുന്നത്.  മലപ്പുറം ജില്ലാ ബാങ്കിന് എതിരായി തീരുമാനിക്കാൻ സാധിച്ചത് അതുകൊണ്ടാണ്. അതിനാൽ, സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണത്തിൽ സർക്കാർ ഇടപെട്ടെന്ന് പറയാനാകില്ല.

കേരളത്തിലെ എല്ലാ ജില്ലാ ബാങ്കുകളും തീരുമാനിച്ചാൽമാത്രമേ ലയനം നടക്കൂ എന്ന വാദം തെറ്റാണ്. ഭൂരിപക്ഷം ബാങ്കുകൾ തീരുമാനിച്ചാൽമതി. ഇതുവരെ രജിസ്‌ട്രാറും ജില്ലാ ബാങ്കുകളും സ്വീകരിച്ച നടപടി അംഗീകരിക്കണോ എന്ന്‌ തീരുമാനിക്കേണ്ടത് റിസർവ്‌ ബാങ്കാണ്. കടുത്ത നിയമവിരുദ്ധതയുണ്ടെങ്കിൽമാത്രമേ ബാങ്ക് രൂപീകരണത്തെ ചോദ്യംചെയ്യാനാകൂ. നിയമസഭയുടെ വിവേകവും ജ്ഞാനവുമാണ് അതിജീവിക്കുകയെന്നും ജനങ്ങൾക്ക് നല്ലത്‌ എന്താണെന്നു പറയാൻ ജനപ്രതിനിധികളാണ് യോഗ്യരെന്നും കോടതി പറഞ്ഞു. സർക്കാരിനുവേണ്ടി അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ കെ രവീന്ദ്രനാഥും സഹകരണ സ്പെഷ്യൽ ഗവ. പ്ലീഡർ മുഹമ്മദ് ഹാഷിമും ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top