പെരുമ്പാവൂർ
റവന്യൂ ജില്ലാ കലോത്സവത്തില്‍ ആദ്യദിനംമുതൽ ഇഞ്ചോടിഞ്ച് മുന്നേറിയ പോരാട്ടത്തിൽ എറണാകുളം കിരീടം നേടി. 961 പോയിന്റമായാണ് തുടർച്ചയായ മൂന്നാംവർഷവും എറണാകുളം കലാകിരീടത്തിൽ മുത്തമിട്ടത്. 922 പോയിന്റുമായി ആലുവ റണ്ണറപ്പായി. പോയവർഷം അഞ്ചാംസ്ഥാനക്കാരായ നോർത്ത് പറവൂരാണ് മൂന്നാംസ്ഥാനത്ത് (849). മട്ടാഞ്ചേരി (808), പെരുമ്പാവൂർ (806) ഉപജില്ലകൾ യഥാക്രമം നാലും അഞ്ചുമായി.
സ്‌കൂൾ വിഭാഗത്തിൽ 331 പോയിന്റോടെ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസ് ചാമ്പ്യൻമാരായി. ശക്തമായ മത്സരത്തിനൊടുവിൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസിനെ ആറ് പോയിന്റിന് മറികടന്ന് നിലവിലെ ചാമ്പ്യൻമാരായ സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് (261) റണ്ണറപ്പായി. നോർത്ത് പറവൂർ ശ്രീനാരായണ എച്ച്എസ്എസ് (222), വൈപ്പിൻ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ (211) ടീമുകളും ആദ്യ അഞ്ചിൽ ഇടംപിടിച്ചു.
മുഖ്യവേദിയായ കുറുപ്പംപടി എംജിഎം എച്ച്‌എസ്‌എസിൽ നടന്ന സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. നടൻ ബിബിൻ ജോർജ് മുഖ്യാതിഥിയായി. കലക്ടർ എൻ എസ് കെ ഉമേഷ്, ഡിഡിഇ ഹണി ജി അലക്‌സാണ്ടർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ പി ജയകുമാർ, പി പി അവറാച്ചൻ, ശിൽപ്പ സുധീഷ്, ഷിജി ഷാജി, കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ, കെ എ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. നാടൻപാട്ട് കലാകാരൻ അജിത് മേലേരി നയിക്കുന്ന കോതമംഗലം മേലേരി ഫോക് ബാൻഡിന്റെ നാടൻ പാട്ടരങ്ങുമുണ്ടായി.
ബാൻഡിൽ
ഇരട്ടമേളം
ബാൻഡ് മേളത്തിൽ നേട്ടവുമായി ഇരട്ടസഹോദരിമാർ. എച്ച്‌എസ് വിഭാഗം ബാൻഡ് മേളത്തിൽ ഒന്നാമതെത്തിയ സെന്റ് ഡൊമിനിക്‌സ് ഇഎംഎച്ച്‌എസ് പള്ളുരുത്തി ടീമിലാണ് ഇരട്ടകളായ എയ്‌ഞ്ചലീന ടിജോ, എയ്‌ഞ്ചല ടിജോ എന്നിവർ മത്സരിച്ചത്. ആദ്യമായാണ് ഇരുവരും ഒന്നിച്ച് മത്സരത്തിൽ പങ്കെടുക്കുന്നത്. എട്ടാംക്ലാസ് വിദ്യാർഥികളായ ഇരുവരും ഇടക്കൊച്ചി സ്വദേശികളായ ടിജോയുടെയും അധ്യാപിക ജോമോളുടെയും മക്കളാണ്.
ഹൈസ്കൂൾ വിഭാഗം ബാൻഡ്
മേളത്തിൽ ഒന്നാംസ്ഥാനം നേടിയ പള്ളുരുത്തി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ടീം
മത്സരാർഥികളില്ല
ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്‌എസ്‌എസ് വിഭാഗം ബാൻഡ്‌മേളത്തിൽ മത്സരിക്കാൻ ഒരു ടീമും എത്തിയില്ല. ഇതോടെ മത്സരം റദ്ദാക്കി. ഹൈസ്‌കൂളിൽ പത്തു ടീമുകൾ മത്സരിച്ച സ്ഥാനത്താണിത്. കഴിഞ്ഞവർഷവും എച്ച്എസ്എസ് ബാൻഡ്‌മേളത്തിന് ടീമുകളുണ്ടായിരുന്നില്ല. അഞ്ചുദിനങ്ങളിലായി എഴുപതിലേറെ അപ്പീലുകളാണ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ലഭിച്ചത്.
അറബിയിൽ
എടവനക്കാട്
എച്ച്‌ഐ
എച്ച്‌എസ്‌എസ്
അറബി കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്‌എസ്‌എസ്. യുപി വിഭാഗത്തിൽ 45 പോയിന്റ് നേടി ജേതാക്കളായ ടീം, ഹൈസ്‌കൂൾ വിഭാഗത്തിൽ 78 പോയിന്റോടെ രണ്ടാംവർഷവും ചാമ്പ്യൻമാരായി. ചെറുവട്ടൂർ ഗവ. മോഡൽ എച്ച്എസ്എസും കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വിഎച്ച്എസ്എസും 51 പോയിന്റുകൾ നേടി എച്ച്എസ് വിഭാഗത്തിൽ റണ്ണറപ്പായി. മട്ടാഞ്ചേരി ആസിയ ഭായി ഇഎംഎച്ച്എസിനാണ് മൂന്നാംസ്ഥാനം (49). ഞാറല്ലൂർ ബെത്‌ലഹേം ദയറ എച്ച്എസ്, കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് എച്ച്എസ്, മാഞ്ഞാലി അൻസാറുൽ ഇസ്‌ലാം സംഘം യുപിഎസ് എന്നിവ 43 പോയിന്റുകൾവീതം നേടി യുപി വിഭാഗത്തിൽ രണ്ടാംസ്ഥാനം പങ്കിട്ടു. പനയപ്പിള്ളി എംഎംഒവിഎച്ച്എസ്എസ് മൂന്നാംസ്ഥാനത്തെത്തി (35). ഹൈസ്‌കൂൾ വിഭാഗത്തിൽ പെരുമ്പാവൂർ ഉപജില്ലയാണ് (95) ചാമ്പ്യൻമാർ. വൈപ്പിൻ, കോലഞ്ചേരി, ആലുവ ഉപജില്ലകൾ റണ്ണേഴ്സപ്പായി (93). കോതമംഗലത്തിനാണ് മൂന്നാംസ്ഥാനം (84). യുപി വിഭാഗത്തിൽ ആലുവ, മൂവാറ്റുപുഴ ഉപജില്ലകൾ 65 പോയിന്റുമായി ഒന്നാംസ്ഥാനം പങ്കിട്ടു.
തീപടർത്തി
സംഘനൃത്തം
എച്ച്‌എസ് വിഭാഗം സംഘനൃത്തത്തിൽ കന്നിവിജയവുമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ജിഎച്ച്‌എസ്‌എസ്. അഗ്നിദേവന്റെ കഥയാണ് അവതരിപ്പിച്ചത്. ചടുലമായ ചുവടുകളും ചോരാത്ത ആവേശവുമായപ്പോൾ പ്രകടനം ജ്വലിച്ചു. സ്വാതിക അനിൽ, ഗൗരി രാജൻ, ഗംഗ രാജൻ, മേഘ ഷാജി, മേഘ്‌ന കെ കർത്താ, ആർച്ച രാജേഷ്, ശിവനന്ദ കെ വിനോദ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്. ഗംഗയും ഗൗരിയും സഹോദരിമാരാണ്. വിനോദാണ് പരിശീലകൻ. സംഘനൃത്തത്തിന്റെ പാട്ടും വിനോദ് എഴുതിയതാണ്.
എച്ച്എസ് സംഘനൃത്തം സെന്റ് അഗസ്റ്റിൻ ഗേൾസ്
എച്ച്എസ്എസ്, കോതമംഗലം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..