23 December Monday
രക്ഷാപ്രവർത്തനം സജീവം

വെല്ലുവിളിയായി മഴ, ഇന്നും ഒഴുകിയെത്തിയത് 18 മൃതദേഹങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

മേപ്പാടി>ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഇപ്പോഴും കനത്തമഴയും മൂടൽ മഞ്ഞുമായി പ്രകൃതി വെല്ലുവിളി തുടരുകയാണ്. ഒരാഴ്ചയായി വെയിൽ കാണാത്ത നിലയിലാണ് കാലവർഷം തുടരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് വയനാട്ടിൽ ഉണ്ടായത്.

മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 കെട്ടിടങ്ങളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. ഇതിൽ 375 ഓളം വീടുകളായിരുന്നു എന്ന് പറയുന്നു. ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണ് ഇപ്പോൾ കേടുപാടില്ലാതെ ബാക്കി. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ആറ് ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. ശേഷിച്ചവ തകർന്ന് കിടക്കുന്നു.

ഇതരസംസ്ഥാന തൊഴിലാളികളും ലായങ്ങളിലാണ് താമസിച്ചിരുന്നത്. അട്ടമലയിൽ നിന്ന് 30 ഓളം ഇതര സംസ്ഥാനക്കാരെ രക്ഷപ്പെടുത്തി. 150 പേരാണ് ഇവിടെ കുടുങ്ങിക്കിടന്നത്. ചാലിയാർ പുഴയിൽ ഇന്നും 18 മൃതദേഹങ്ങൾ ഒഴുകിയെത്തി. 25 ശരീര ഭാഗങ്ങളും ലഭിച്ചു.

 ദുരന്തത്തിൽ ആയിരത്തോളം പേരെ രക്ഷപെടുത്തിയതായി സൈന്യം അറിയിച്ചു. ഇനിയും 225 പേരെ എങ്കിലും കണ്ടെത്താനുണ്ട് എന്നാണ് പ്രഥമിക വിവരം.

മേപ്പാടിയിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലധികം പേരാണുള്ളത്. മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടനാട് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ യുപി, നെല്ലിമുണ്ട അമ്പലം ഹാള്‍, തൃക്കൈപ്പറ്റ ജി.എച്ച്.എസ്, കാപ്പംകൊല്ലി അരോമ ഇന്‍, മൗണ്ട് ടാബോര്‍ സ്‌കൂള്‍ എന്നിവയാണ് ക്യാമ്പുകളായി മാറിയിട്ടുള്ളത്. ചിലരെ ബന്ധു വീടുകളിലായും മാറ്റി.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലയില്‍ 1726 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഏഴായിരത്തിലധികം പേരാണ് ഈ ക്യാമ്പുകളിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top