22 December Sunday

ദിവ്യയുടെ അറസ്‌റ്റ്‌; പൊലീസ്‌ നടപടി 
മുഖംനോക്കാതെ

പ്രത്യേക ലേഖകൻUpdated: Thursday Oct 31, 2024

കണ്ണൂർ
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ  മരണവുമായി ബന്ധപ്പെട്ട  അന്വേഷണത്തിൽ പി പി ദിവ്യയുടെ അറസ്‌റ്റുവരെ പൊലീസ്‌ സ്വീകരിച്ചത്‌ മുഖംനോക്കാതെയുള്ള നടപടി. 15നാണ്‌ നവീൻബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്‌. അന്നുതന്നെ അസ്വാഭാവിക മരണത്തിന്‌ കേസെടുത്ത്‌ ആർഡിഒ കോടതിയിൽ റിപ്പോർട്ട്‌ നൽകി. എല്ലാ നടപടിക്രമവും പാലിച്ച്‌ ഇൻക്വസ്‌റ്റും പോസ്‌റ്റ്‌മോർട്ടവും നടത്തി. 17ന്‌ ആർഡിഒ കോടതിയിൽനിന്ന്‌ കേസ്‌ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതിയിലേക്ക്‌ റഫർചെയ്‌തു. ആത്മഹത്യാപ്രേരണാക്കുറ്റത്തിന്‌ കേസെടുത്തു.

തുടർന്നാണ്‌ ആരോപണവിധേയയായ ദിവ്യ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്‌. ജാമ്യാപേക്ഷ നിലനിൽക്കെ പൊലീസ്‌ അന്വേഷണം തുടർന്നു. കലക്ടർ ഉൾപ്പെടെയുള്ള സാക്ഷികളിൽനിന്ന്‌ മൊഴിയെടുത്തു. ദിവ്യക്ക്‌ ചോദ്യംചെയ്യലിന്‌ ഹാജരാകാൻ നോട്ടീസ്‌ നൽകി. മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ള കേസിൽ പൊലീസും പ്രോസിക്യൂഷനും സ്വീകരിക്കുന്ന പൊതുസമീപനമാണ്‌ ഇവിടെയും സ്വീകരിച്ചത്‌.

മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കെ അറസ്‌റ്റുചെയ്യാതിരിക്കുന്നത് കോടതികളോടും നിയമ വ്യവസ്ഥയോടുമുള്ള  ആദരവാണ്. ഇതിനെയാണ്‌ സർക്കാരും പൊലീസും ദിവ്യക്കൊപ്പമെന്ന കഥയാക്കി പ്രതിപക്ഷവും മാധ്യമങ്ങളും അവതരിപ്പിക്കുന്നത്‌. ഇത്തരം  നിരവധി സംഭവങ്ങൾ സമീപകാലത്തുണ്ടായിട്ടുണ്ട്‌.  യുവതിയുടെ പരാതിയിൽ കൊലപാതക ശ്രമം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾചേർത്ത്‌ കേസെടുത്തപ്പോൾ കോൺഗ്രസ്‌ നേതാവ്‌ എൽദോസ്‌ കുന്നപ്പള്ളി മുൻകൂർ ജാമ്യാപേക്ഷ നൽകി. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നത്‌ 10 ദിവസം കഴിഞ്ഞാണ്‌. അതുവരെ എംഎൽഎയെ അറസ്‌റ്റുചെയ്‌തില്ല. ‘മറുനാടൻ മലയാളി’ എന്ന ഓൺലൈൻ മാധ്യമം നടത്തുന്ന ഷാജൻ സ്‌കറിയയുടെ കാര്യത്തിലും ഇതായിരുന്നു നിലപാട്‌. ഏറ്റവും ഒടുവിൽ നടൻ സിദ്ദിഖിനെതിരെ നടിയുടെ പരാതിയിൽ കേസ്‌ എടുത്തെങ്കിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാൽ അറസ്‌റ്റുചെയ്‌തില്ല. ഇവിടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയയുടൻ പി പി ദിവ്യയെ അറസ്‌റ്റുചെയ്‌തു. ദിവ്യയുടെ ഹർജി സെഷൻസ്‌ കോടതിമാത്രമേ തള്ളിയിട്ടുള്ളൂ. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാൻ നിയമം അനുവദിക്കുന്നുമുണ്ട്‌. എന്നാൽ അത്തരം അപ്പീൽ ഹർജി നൽകാൻ സാവകാശംപോലും നൽകാതെയാണ്‌ അറസ്‌റ്റുചെയ്‌തത്‌.

പി പി ദിവ്യ ജാമ്യഹർജി നൽകി

കണ്ണൂർ
എഡിഎം കെ നവീൻബാബു ആത്മഹത്യചെയ്‌ത സംഭവത്തിൽ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യ ജില്ലാ കോടതിയിൽ ജാമ്യഹർജി നൽകി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്‌ ചൊവ്വാഴ്‌ചയാണ്‌ ദിവ്യയെ അറസ്‌റ്റുചെയ്‌തത്‌.  കലക്ടറുടെ മൊഴി നിർണായകമാണെന്ന്‌ ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. യാത്രയയപ്പ്‌ കഴിഞ്ഞയുടൻ കലക്ടറോട്‌  തെറ്റുപറ്റിയെന്ന്‌ എഡിഎം പറഞ്ഞാൽ അത്‌ മറ്റ്‌ വിഷയങ്ങളിലാകില്ല. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇതുൾപ്പെടെയുള്ള കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ താൻ നൽകിയതായി പറയുന്ന മൊഴി ശരിയാണെന്ന്‌ കലക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോട്‌ പറഞ്ഞു. യാത്രയയപ്പുയോഗശേഷം തന്നെ വന്നുകണ്ട എഡിഎം തെറ്റുപറ്റിയതായി സമ്മതിച്ചുവെന്നാണ്‌ മൊഴി. മൊഴിയിലെ കൂടുതൽ വിശദാംശം പുറത്തുവരാനുണ്ട്‌. അന്വേഷണഘട്ടത്തിലായതിനാൽ കൂടുതൽ  കാര്യം വെളിപ്പെടുത്തുന്നില്ലെന്നും കലക്ടർ പ
റഞ്ഞു.

മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു: 
എം വി ഗോവിന്ദൻ

പാലക്കാട്‌
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങൾ പുകമറയുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

പൊലീസും സർക്കാരും ശരിയായ നടപടിയാണ്‌ സ്വീകരിച്ചത്‌. പ്രതിയെ അറസ്‌റ്റ്‌ ചെയ്യുന്നു, ചോദ്യംചെയ്യുന്നു, വൈദ്യ പരിശോധനക്ക്‌ കൊണ്ടുപോകുന്നു, കോടതി ഇല്ലാത്തതിനാൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുന്നു, ജയിലിലേക്ക്‌ അയക്കുന്നു. ഇതല്ലേ പൊലീസ്‌ നടപടി. ഇതിൽ എവിടെയാണ്‌ പൊലീസിനെ കുറ്റപ്പെടുത്താനുള്ളത്‌. സർക്കാർ നടപടിയും ശരിയായ നിലയിൽത്തന്നെയായിരുന്നു. ഇക്കാര്യത്തിൽ മാധ്യമങ്ങൾ ജനാധിപത്യവിരുദ്ധ രീതിയാണ്‌ സ്വീകരിക്കുന്നത്‌. ഇത്‌ ഏറ്റുപിടിക്കുന്ന പ്രതിപക്ഷ നേതാവിന്‌ ഒരു ധാരണയുമില്ല. ദിവ്യക്കെതിരായ പാർടി നടപടിയെക്കുറിച്ച്‌ മാധ്യമങ്ങൾ വേവലാതിപ്പെടേണ്ട. അത്‌ പാർടിയുടെ അഭ്യന്തര വിഷയമാണെന്നും എം വി ഗോവിന്ദൻ പാലക്കാട്ടെ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top