27 December Friday

ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

തിരുവനന്തപുരം > ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ് നിർദേശം നൽകി. പ്രായമായവരെയും മുതിർന്നവരെയുമാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തട്ടിപ്പുകാർ സാധാരണ ഉപയോഗിക്കുന്ന തന്ത്രങ്ങളും തട്ടിപ്പിന് ഇരയാകാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നും ജില്ലാ കളക്ടർ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

തട്ടിപ്പുകാർ സാധാരണ ഉപയോഗിക്കുന്ന 10 തന്ത്രങ്ങൾ

1.ട്രായ്‌ ഫോൺ സ്കാം: തങ്ങൾ TRAI യിൽ നിന്നും ഉള്ളവരാണെന്ന് അവകാശപ്പെടുന്ന ഇവർ, നിങ്ങളുടെ മൊബൈൽ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സേവനങ്ങൾ നിർത്തിവയ്ക്കുമെന്നും പറയുന്നു. ടെലികോം കമ്പനികളാണ് സേവനങ്ങൾ നിർത്തി വയ്ക്കുന്നത്. TRAI അല്ല.

2.പാഴ്‌സൽ കസ്റ്റംസ് തടഞ്ഞു : നിരോധിതവസ്തുക്കൾ അടങ്ങിയ ഒരു പാഴ്സൽ കസ്റ്റംസ് തടഞ്ഞിരിക്കുന്നുവെന്ന് തട്ടിപ്പുകാർ അറിയിക്കുകയും നിങ്ങളോട് പണമടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഫോൺ കട്ട്‌ ചെയ്ത ശേഷം നമ്പർ റിപ്പോർട്ട് ചെയ്യണം.

3.ഡിജിറ്റൽ അറസ്റ്റ് ഭീഷണി : വ്യാജ പോലീസ് ഉദ്യോഗസ്ഥർ ഡിജിറ്റൽ അറസ്റ്റോ ഓൺലൈൻ ചോദ്യം ചെയ്യൽ നടത്തുമെന്നോ ഭീഷണിപ്പെടുത്തുന്നു. പോലീസ് ഡിജിറ്റൽ അറസ്റ്റുകളോ ഓൺലൈൻ ചോദ്യം ചെയ്യലോ നടത്താറില്ല.

4.നിങ്ങളുടെ ഒരു ബന്ധു അറസ്റ്റിലാകുമെന്ന് പറയുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നു. കുടുംബാംഗങ്ങളെ വിളിച്ച് സത്യാവസ്ഥ ഉറപ്പാക്കുക.

5.ട്രേഡിങ്ങിലൂടെ ഉടൻ പണക്കാരനാകാം: സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ ഓഹരി നിക്ഷേപങ്ങളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. ഉയർന്ന റിട്ടേൺ സ്കീമുകൾ തട്ടിപ്പിന് സാധ്യതയുള്ളതാണ്.

6.ചെറിയ ജോലികൾക്ക് ഉയർന്ന പ്രതിഫലം. ലളിതമായ ജോലികൾക്കായി തട്ടിപ്പുകാർ ഉയർന്ന തുക പ്രതിഫലമായി വാഗ്ദാനം ചെയ്ത് നിക്ഷേപം ആവശ്യപ്പെടുന്നു. ലളിതമായ ജോലികൾക്ക് ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യുകയും നിക്ഷേപം ആവശ്യപ്പെടുകയും ചെയ്യുന്നതിനെതിരെ നിർബന്ധമായും ജാഗ്രത പാലിക്കണം

7.നിങ്ങളുടെ പേരിൽ വ്യാജ ക്രെഡിറ്റ് കാർഡ് : വ്യാജ ക്രെഡിറ്റ് കാർഡുകളിലെ വലിയ ഇടപാടുകൾ വ്യാജ എക്സിക്യൂട്ടീവുകൾ സ്ഥിരീകരിക്കുന്നു. പണമിടപാടുകൾക്ക് മുൻപ് നിങ്ങളുടെ ബാങ്കിൽ വിളിച്ചു ഉറപ്പാക്കണം.

8.അബദ്ധത്തിലുള്ള പണം കൈമാറ്റം :  തട്ടിപ്പുകാർ, അവരുടെ പണം അബദ്ധത്തിൽ നിങ്ങളുടെ ബാങ്കിലേക്ക് ട്രാൻസ്ഫർ ആയിരിക്കുന്നുവെന്ന് അവകാശപ്പെടുകയും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ ബാങ്കിൽ വിളിച്ചു ഇടപാടുകൾ പരിശോധിക്കുക.

9.KYC കാലഹരണപ്പെട്ടു : തട്ടിപ്പുകാർ ലിങ്കുകൾ വഴി KYC പുതുക്കണമെന്ന് ആവശ്യപ്പെടുന്നു. ബാങ്കുകൾ നേരിട്ട് KYC പുതുക്കുകയാണ് ചെയ്യുന്നത്.

10.ഉദാരമായ നികുതി റീഫണ്ട് : തട്ടിപ്പുകാർ നികുതി ഉദ്യോഗസ്ഥരായി നടിച്ച് ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്നു. നികുതി വകുപ്പുകളുടെ കൈവശം ബാങ്ക് വിശദാംശങ്ങൾ ഉണ്ടായിരിക്കും. കൂടാതെ നേരിട്ട് ആശയവിനിമയം നടത്തുകയാണ് പതിവ്.

ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക

1. വിവരങ്ങൾ പരിശോധിച്ചശേഷം മാത്രം പ്രവർത്തിക്കുക.
2. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
3. ബാങ്കുമായി ഇടപാടുകൾ ഉറപ്പാക്കുക.
4. സംശയകരമായ ഫോൺ നമ്പറുകൾ റിപ്പോർട്ട് ചെയ്യുക.
5. ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതികളിൽ നിന്നും പിൻതിരിയുക.
6. KYC പുതുക്കാൻ ബാങ്കിൽ നേരിട്ടെത്തുക.
7. വ്യക്തിഗത/ബാങ്ക് വിവരങ്ങൾ പങ്കിടരുത്.
വഞ്ചന റിപ്പോർട്ട് ചെയ്യാനുള്ള മാർഗങ്ങൾ -
1. ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ (1800-11-4000)
2. സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (cybercrime.gov.in)
3. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top