01 November Friday

ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ 
കാതോലിക്കാ ബാവാ വിടവാങ്ങി

സ്വന്തം ലേഖകൻUpdated: Thursday Oct 31, 2024


കൊച്ചി
യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവാ (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്‌ ദീർഘനാളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴം വൈകിട്ട്‌ 5.21നായിരുന്നു അന്ത്യം. കബറടക്കം ശനിയാഴ്‌ച പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിനോടുചേർന്നുള്ള മാർ അത്തനേഷ്യസ് കത്തീഡ്രലിൽ.

2002 ജൂലൈ 26 മുതല്‍ യാക്കോബായ സഭയുടെ പ്രാദേശിക തലവനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1929 ജൂലൈ 22ന്‌ പുത്തൻകുരിശ്‌ വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കോലഞ്ചേരി കല്ലിങ്കൽ കുഞ്ഞാമ്മയുടെയും എട്ടുമക്കളിൽ ആറാമനായാണ്‌ കുഞ്ഞൂഞ്ഞ്‌ എന്ന സി എം തോമസ്‌ ജനിച്ചത്‌. 1952ൽ 23–-ാം വയസ്സിൽ കോറൂയോ പട്ടം സ്വീകരിച്ചു. 1957ൽ കടമറ്റം പള്ളിയിൽ ശെമ്മാശപ്പട്ടവും 1958 സെപ്തംബർ 21ന്‌ മഞ്ഞിനിക്കര ദയറായിൽ ഫാ. സി എം തോമസ്‌ ചെറുവിള്ളിൽ എന്നപേരിൽ വൈദികപട്ടവും സ്വീകരിച്ചു.

പുത്തൻകുരിശ്‌, വെള്ളത്തൂവൽ, കീഴ്മുറി, വലമ്പൂർ, ഫോർട്ട്‌ കൊച്ചി, കൊൽക്കത്ത, തൃശൂർ, ചെമ്പൂക്കാവ്‌, പടിഞ്ഞാറേകോട്ട ഇടവകകളില്‍ വൈദികനായി. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സ്ഥാപനകാലം മുതല്‍ 1974 വരെ ഓര്‍ഗനൈസിങ്‌ സെക്രട്ടറിയായും ചാപ്ലിനായും പ്രവര്‍ത്തിച്ചു. 1973 ഒക്ടോബർ 11ന്‌ മെത്രാപോലീത്തയായി. 1974 ഫെബ്രുവരി 24ന് ദമാസ്‌കസില്‍ ആകമാന സുറിയാനി സഭ മേലധ്യക്ഷൻ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഇദ്ദേഹത്തെ തോമസ് മാര്‍ ദിവന്നാസിയോസ് എന്ന പേരില്‍ അങ്കമാലി ഭദ്രാസന മെത്രാപോലീത്തയായി വാഴിച്ചു. 1999 ഫെബ്രുവരി 22ന്‌ എപ്പിസ്‌കോപ്പൽ സുന്നഹദോസ്‌ പ്രസിഡന്റായി. 

2000 ഡിസംബര്‍ 22ന്  കാതോലിക്കാ ബാവയായി. 2002 ജൂലൈ ആറിന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി അസോസിയേഷനിൽ മലങ്കര മെത്രാപോലീത്തയാക്കി. 2002 ജൂലൈ 26ന് ദമാസ്‌കസില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ എന്ന പേരില്‍ യാക്കോബായ സഭ പ്രാദേശിക തലവനായി ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ ഇദ്ദേഹത്തെ വാഴിച്ചു. സഹോദരങ്ങൾ: പരേതരായ മറിയാമ്മ, ഏലമ്മ, അന്നമ്മ, വർഗീസ്, കുരുവിള, എബ്രഹാം, പൗലോസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top