22 December Sunday

ട്രാസ്‌ന ടെക്നോസിറ്റിയില്‍ ; സെമി കണ്ടക്ടര്‍ നിര്‍മാണവും വരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024


തിരുവനന്തപുരം
കേരളത്തിലെ ആദ്യ സെമി കണ്ടക്ടർ നിർമാണ കമ്പനിയായി അയർലൻഡ് ആസ്ഥാനമായുള്ള ട്രാസ്‌ന. കേരള ഡിജിറ്റൽ സർവകലാശാലയിൽ നടന്ന ചടങ്ങിൽ  ടെക്നോപാർക്ക് ഫേസ്-4ലെ (ടെക്നോസിറ്റി) ട്രാസ്‌നയുടെ ഓഫീസ്‌ മന്ത്രി പി  രാജീവ് ഉദ്ഘാടനം ‌ചെയ്തു. രണ്ടാഴചയ്‌ക്കുള്ളിൽ പ്രവർത്തനം തുടങ്ങും. ടെക്നോസിറ്റിയിലെ സ്ഥിരം കാമ്പസ് നിർമാണം പൂർത്തിയാകുമ്പോൾ ലാബ്‌ സ്ഥാപിച്ച് അങ്ങോട്ടേക്ക്‌ പ്രവർത്തനം മാറ്റും. ആദ്യഘട്ടത്തിൽ 500 തൊഴിലവസരമാണ്‌ ട്രാസ്‌ന ഒരുക്കുക. നിരവധി അന്താരാഷ്ട്ര കമ്പനികൾ ഓഫീസ്‌ തുറക്കാൻ കേരളത്തിലേക്ക്‌ വരുന്നുണ്ടെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു.

ട്രാസ്‌ന പുതിയ ഓഫീസ് ആരംഭിക്കുന്നത് കൂടുതൽ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ വഴിയൊരുക്കും. തൊഴിൽ വൈദഗ്ധ്യത്തിൽ കേരളത്തിലെ ഐടി മേഖല മുൻപന്തിയിലാണ്‌. അതുകൊണ്ട്‌ ആഗോള കമ്പനികൾ ജീവനക്കാരെ കേരളത്തിൽ നിന്നുതന്നെ കണ്ടെത്താനാകും. അതിനാലാണ് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ സെമി കണ്ടക്ടർ ചിപ്പ്‌ നിർമ്മിക്കാൻ പദ്ധതിയിടുന്നുവെന്നും ഇതിനായി കേരള ഡിജിറ്റൽ സർവകലാശാലയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രാ‌സ്‌ന ടെക്നോളജീസ് സൊല്യൂഷൻസ് ഗ്രൂപ്പ് സിഇഒ സ്റ്റെഫാൻ ഫണ്ട് പറഞ്ഞു. വരും വർഷങ്ങളിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്‌ വിഭാഗവും നിർമാണ സൗകര്യവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടേക്കർ സ്ഥലത്ത് ഒരുങ്ങുന്ന ടെക്നോസിറ്റിയിലെ ആദ്യത്തെ വലിയ നിക്ഷേപമാണ് ട്രാസ്‌ന. കേന്ദ്ര ഇലക്‌ട്രോണിക്സ്‌ ആൻഡ്‌ ഐടി മന്ത്രാലയത്തിന്റെ "ഇന്ത്യ സെമി കണ്ടക്ടർ മിഷനു'മായി ചേർന്നു പ്രവർത്തിക്കുന്ന കമ്പനിയാണ് ട്രാസ്‌ന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top