21 November Thursday

സതീശന്‌ മുരളിയോട്‌ ശത്രുത: 
എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024


പാലക്കാട്‌
കെ മുരളീധരനോട് പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്‌ ശത്രുതയാണെന്നും അതിനാലാണ്‌ ഡിസിസി ഏകകണ്‌ഠമായി എടുത്ത തീരുമാനം അട്ടിമറിച്ചതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

പാലക്കാട്‌ വി കെ ശ്രീകണ്‌ഠൻ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ കമ്മിറ്റി ഏകകണ്‌ഠമായി തീരുമാനിച്ച്‌ കത്തയച്ചിട്ടും പരിഗണിക്കാതെ, കൃത്യമായി യോഗംപോലും ചേരാതെ സ്ഥാനാർഥിയെ നിശ്‌ചയിച്ചു. കഴിഞ്ഞതവണ ഇ ശ്രീധരന്‌ കിട്ടിയ വോട്ട്‌ ഇപ്പോഴത്തെ ബിജെപി സ്ഥാനാർഥിക്ക്‌ കിട്ടില്ല. ബിജെപി മൂന്നാംസ്ഥാനത്താകും. അന്ന്‌ ഷാഫിക്ക്‌ കിട്ടിയ വോട്ട്‌  ഇത്തവണ കോൺഗ്രസിനും കിട്ടില്ല. പാലക്കാട്‌ എൽഡിഎഫും യുഡിഎഫും തമ്മിലാണ്‌ മത്സരം. ബിജെപി ചിത്രത്തിൽ ഇല്ല.  സരിൻ വമ്പിച്ച രീതിയിൽ മുന്നേറുകയാണെന്നും -എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു.
 
സുരേഷ്‌ഗോപിക്ക്‌ 
മറുപടിയില്ല
തന്തയ്‌ക്ക്‌ പറഞ്ഞ സുരേഷ്‌ഗോപിയെ അതിനപ്പുറത്തെ തന്തയ്‌ക്ക്‌ പറയുകയാണ്‌ വേണ്ടതെന്നും അതിനുതാൻ മറുപടി പറയുന്നില്ലെന്നും എം വി ഗോവിന്ദൻ. മറുപടി സതീശൻ പറഞ്ഞാൽ മതി. ഒരുതരത്തിലും കൽപ്പാത്തി രഥോത്സവം കലക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ലക്ഷ്യമിട്ടത്‌ 
തെരഞ്ഞെടുപ്പ്‌ അട്ടിമറി
ബിജെപി ചാക്കുകണക്കിന്‌ പണം കേരളത്തിൽ എത്തിച്ചുവെന്ന‌ ബിജെപിയുടെ മുൻ പാർടി ഓഫീസ്‌ സെക്രട്ടറിയുടെ പുതിയ വെളിപ്പെടുത്തൽ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ടാണെന്നത്‌ ഗൗരവം വർധിപ്പിക്കുന്നുവെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പും അതിനുമുമ്പ്‌ നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു ബിജെപി കള്ളപ്പണം ഇറക്കിയത്‌. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി എങ്ങനെയാണ്‌ അധികാരം പിടിച്ചടക്കുന്നത്‌ എന്നതിനുദാഹരണമാണ്‌ ഭരണത്തിലെത്താൻ ഒരു സാധ്യതയും ഇല്ലാത്ത സംസ്ഥാനമായ കേരളത്തിൽ കോടാനുകോടി കള്ളപ്പണം ഇറക്കിയ സംഭവം. ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിയുടെ ഈ കളികൾ ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌.

പൊലീസ്‌ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതാണ്‌. വിചാരണ തുടങ്ങാൻ പോകുന്നതേയുള്ളു. ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസ്‌ ആയതിനാൽ ഇഡിയാണ്‌ അന്വേഷിക്കേണ്ടത്. പണം എവിടെനിന്ന് ആർക്കുവേണ്ടിവന്നു തുടങ്ങി വിവരങ്ങൾ പുറത്തുവരണം. എന്നാൽ, പ്രതികൾ ബിജെപിക്കാർ ആയതിനാൽ കേന്ദ്ര ഏജൻസികൾ ഒളിച്ചുകളിച്ചു. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രഏജൻസികൾ എപ്രകാരമെല്ലാം വേട്ടയാടുന്നുവെന്നതിന്‌ നിരവധി ഉദാഹരണങ്ങൾ ഉണ്ട്‌. കേരളംതന്നെ അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ്‌. കോടതികൾ ഇടപെട്ടാണ്‌ പല അനാവശ്യ അന്വേഷണങ്ങളും തടഞ്ഞത്‌. അതേസമയം, പരസ്യമായി കുഴൽപ്പണം കടത്തിയതടക്കം ബിജെപിക്കാർ പ്രതികളായ കേസുകൾ ഇവർ കണ്ടില്ലെന്ന്‌ നടിച്ചെന്നും എം വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top