22 November Friday

ജനകീയ ക്യാമ്പയിന്‌ നാളെ കൊട്ടാരക്കരയിൽ തുടക്കം

സ്വന്തം ലേഖകൻUpdated: Tuesday Oct 1, 2024

 

 
കൊട്ടാരക്കര
‘ശുചിത്വകേരളം സുന്ദരകേരളം’ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്‌ച കൊട്ടാരക്കര എൽഐസി അങ്കണത്തിൽ നടക്കും. പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് അന്താരാഷ്ട്ര ശൂന്യമാലിന്യദിനമായ മാർച്ച് 30ന് സമ്പൂർണ മാലിന്യമുക്തകേരളം സാധ്യമാക്കാൻ ലക്ഷ്യമിടുന്നതാണ്‌ പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ്‌ പ്രോജക്ട്, ക്ലീൻ കേരള കമ്പനി തുടങ്ങിയവ ചേർന്ന്‌ പദ്ധതി ഏകോപിപ്പിക്കും. സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായുള്ള പുലമൺതോട് പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കുമെന്ന്‌ സ്വാഗതസംഘം കൺവീനർ എസ് ആർ രമേശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. നവകേരളം കർമപദ്ധതി കോ-–-ഓർഡിനേറ്റർ ടി എൻ സീമ റിപ്പോർട്ട് അവതരിപ്പിക്കും. ഹരിതകർമസേനാ അംഗങ്ങൾക്കുള്ള സുരക്ഷാക്കിറ്റ് നൽകും. എംസിഎഫിൽ കൺവയർ ബെൽറ്റ്, സോർട്ടിങ്‌ ടേബിൾ, ഡി ഡസ്റ്റർ ഉദ്ഘാടനം തദ്ദേശ മന്ത്രി എം ബി രാജേഷ്‌ നിർവഹിക്കും.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഹരിതടൂറിസം കൈപ്പുസ്തകം പ്രകാശിപ്പിക്കും. ശുചിത്വത്തിന്റെ കുഞ്ഞ് ഹീറോസ്, കോഫി ടേബിൾ ബുക്ക്, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം പുസ്തകം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പ്രകാശിപ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഹരിതസ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്യും. തദ്ദേശസ്വയംഭരണ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ ജനകീയ ക്യാമ്പയിൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രഞ്ജിത്, മൈലം പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജി നാഥ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top