01 November Friday

'ദുരവസ്ഥ'യുടെ യവനിക ഉയരുന്നു

എസ് അനന്ദ വിഷ്ണുUpdated: Friday Nov 1, 2024
കൊല്ലം 
മഹാകവി കുമാരനാശാനും വൈക്കം സത്യഗ്രഹത്തിനും ആദരമേകി ജാതിവെറിക്കെതിരെ നാടകവുമായി വൈക്കം മാളവിക. ജാതിവെറിക്കും ദുരഭിമാനക്കൊലയ്ക്കുമെതിരെ അരങ്ങിൽ ശബ്ദമാകുകയാണ് വൈക്കം മാളവിക. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വർഷവും കുമാരനാശാന്റെ 150–-ാം ജന്മവാർഷികവും ആഘോഷിക്കുന്ന വർഷത്തിൽ അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന കാവ്യത്തിന്റെ നൂതന സംഗീതാവിഷ്കാരം ഉൾകൊള്ളിച്ച്‌ ആശാന് ആദരമർപ്പിക്കുകയാണ് ‘ ജീവിതത്തിന്‌ ഒരു ആമുഖം ’ നാടകത്തിലൂടെ വൈക്കം മാളവിക ട്രൂപ്പ്. മലയാള നാടകവേദിയിൽ 58 വർഷം പൂർത്തിയാക്കിയ വൈക്കം മാളവിക ഇത്തവണ അവതരിപ്പിക്കുന്ന മുഹമ്മദ് വെമ്പായം എഴുതി സുരേഷ് ദിവാകരൻ സംവിധാനം ചെയ്യുന്ന ‘ജീവിതത്തിന് ഒരു ആമുഖം ’ നാടകം കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്‌.  
ദുരഭിമാനക്കൊലയിലൂടെ മകൻ നഷ്ടപ്പെട്ട ബാർബർ തൊഴിലാളി ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന ദുരന്തങ്ങളും നീതി നടപ്പാക്കാൻ ഈച്ചരവാര്യരെപ്പോലെ അയാൾ നടത്തുന്ന പോരാട്ടങ്ങളുമാണ് പ്രമേയം. ബാർബർ തൊഴിലാളിയെ അവതരിപ്പിക്കുന്നത് പ്രദീപ് മാളവികയാണ്. 
പഴവീട് സന്തോഷ്, കലവൂർ ബിസി, രഞ്ജിത്‌ വൈക്കം, വേണു, സജി, അനൂപ് തടത്തിൽ, ലതിക വേണു, പ്രിയ എന്നിവർ മുഖ്യകഥാ പാത്രങ്ങളെ അവതരിപ്പിക്കും. വിജയൻ കടമ്പേരിയാണ് രംഗപടം. രാധാകൃഷ്ണൻ കുന്നുംപുറം ഗാനരചനയും അനിൽ മാള സംഗീതവും നിർവഹിക്കും. നവംബർ ആദ്യവാരം അടൂർ ഗോപാലകൃഷ്ണൻ തൃശൂരിൽ നാടകം ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top