01 November Friday

കൊല്ലം തീരത്ത്‌ 
ലൈറ്റ്‌ ഫിഷിങ്‌ വ്യാപകം

സ്വന്തം ലേഖികUpdated: Friday Nov 1, 2024
കൊല്ലം
കൊല്ലം തീരത്ത്‌ ലൈറ്റ്‌ ഫിഷിങ്‌ വ്യാപകം. തീരം അരിച്ചുപെറുക്കി  കരയ്‌ക്കെത്തിക്കുന്നതിൽ ഏറെയും  മത്സ്യക്കുഞ്ഞുങ്ങളെ.  ട്രോളിങ്‌ ബോട്ടുകൾ ഉൾപ്പെടെയുള്ള യാനങ്ങളാണ്‌ എൽഇഡി വിളക്കുകൾ ഉപയോഗിച്ചുള്ള നിരോധിത മീൻപിടിത്തത്തിൽ ഏർപ്പെടുന്നത്‌. അഞ്ചുതെങ്ങ്‌, മരിയനാട്‌, പൂന്തുറ എന്നിവിടങ്ങളിലെയും ഇതരസംസ്ഥാനങ്ങളിലെയും യാനങ്ങൾ 12 വോൾട്ടിന്‌ മുകളിലുള്ള നാലുമുതൽ അഞ്ചുവരെ ബൾബുകൾ ഘടിപ്പി‌ച്ചാണ്‌ മീൻപിടിക്കുന്നത്‌. കൂടാതെ ഗുജറാത്തി വല ഉപയോഗിച്ചുള്ള മീൻപിടിത്തവും വ്യാപകം. പൊടിമത്തി, നെത്തോലിക്കുഞ്ഞ്‌, കരിച്ചാളക്കുഞ്ഞുങ്ങൾ എന്നിവയാണ്‌ ഇക്കൂട്ടർ തുറമുഖത്ത്‌ എത്തിക്കുന്നത്‌. 
ലൈറ്റ്‌ ഉപയോഗിക്കുമ്പോൾ കൂടുതലായി കുടുങ്ങുന്നതിൽ കണവാക്കൂട്ടവുമുണ്ട്‌. കടുത്ത പ്രകാശത്തിൽ ആകൃഷ്ടരായി കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള മീനുകൾ കൂട്ടത്തോടെ എത്തുമ്പോൾ ചൂണ്ട ഉപയോഗിച്ചാണ്‌ കണവയെ പിടിക്കുന്നത്‌. രണ്ടുമുതൽ നാലു‌ വള്ളങ്ങൾവരെ ഒന്നിച്ചു‌ചേർത്ത്‌ പെലാജിക്‌ വല ഉപയോഗിച്ചും മീൻ പിടിക്കുന്നുണ്ട്‌. ‌വലിയൊരു പ്രദേശത്തെ കൊഞ്ച്‌ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ എല്ലാ മീനുകളും ഇതിൽ കുടുങ്ങും‌. നിശ്ചിത വലിപ്പത്തിൽ കുറവുള്ള മീനുകളെ പിടിക്കരുതെന്ന നിയമവും ലംഘിക്കുന്നു.
എൽഇഡി വെളിച്ചം രണ്ടുകിലോമീറ്റർ അകലെയുള്ള മീനുകളെവരെ ആകർഷിക്കുമെന്ന്‌‌ മത്സ്യത്തൊഴിലാളികൾ പറയുന്നു. പാറക്കൂട്ടങ്ങൾക്കിടയിൽ പ്രജനനത്തിന്‌ എത്തുന്ന വലിയ മത്സ്യങ്ങളും ഇരയാകുന്നു. മീനുകൾ കൂട്ടത്തോടെ അകപ്പെടുന്നതിനാൽ കൊല്ലത്ത പരമ്പരാഗത തൊഴിലാളികൾ വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണ്‌. മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ രാത്രി കടലിൽ പരിശോധന നടത്തുന്നുണ്ടെങ്കിലും രണ്ടും മൂന്നും എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ അതിവേഗം കടന്നുപോകുന്നതിനാൽ പൂർണമായി തടയാനാകുന്നില്ല.  മത്സ്യസമ്പത്തിന്‌ വൻനാശം വരുത്തുന്ന ഇത്തരം മീൻപിടിത്ത രീതികൾക്കെതിരെ കർശന നടപടി എടുക്കണമെന്ന്‌ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top