കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നവീകരിച്ച അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തിന് സജ്ജം. ആറിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി. സെമിനാർ ഹാൾ, വെർച്വൽ സ്റ്റുഡിയോ, ഓപ്പൺ ബുക്ക് എക്സാമിനേഷൻ, വെർച്വൽ ബുക്ക്‌ലെറ്റ്, നാലുവർഷ ബിരുദം, ടോട്ടൽ സൊല്യൂഷൻസ് സോഫ്റ്റ്‌വെയർ എന്നിവയുടെ ഉദ്ഘാടനമാണ് നിശ്ചയിച്ചിരുന്നത്. വെള്ളയിട്ടമ്പലത്തിലെ രണ്ടും മൂന്നും നിലകളിൽ പ്രവർത്തിക്കുന്ന അക്കാദമിക് ബ്ലോക്ക് സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്.
നൂറുപേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാൾ, വെർച്വൽ സ്റ്റുഡിയോ എന്നിവ അക്കാദമിക് ബ്ലോക്കിൽ സജ്ജീകരിച്ചു. എല്ലാ പഠിതാക്കൾക്കും സ്വയം പഠന സാമഗ്രികൾ കൂടാതെ ഫ്ലിപ് ബുക്ക്, വെർച്വൽ വീഡിയോ ക്ലാസുകൾ, റെക്കോഡഡ് ക്ലാസുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവ നൽകുന്നതിനായാണ് സ്റ്റുഡിയോ.
എസ്എൽഎം വിഭാഗം പൂർണമായും നവീകരിച്ച അക്കാദമിക് ബ്ലോക്കിലേക്കു മാറ്റി. സൈബർ വിഭാഗം നവീകരിച്ച അക്കാദമി ബ്ലോക്കിൽ കൂടുതൽ സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചു. സ്വയം പഠന സാമഗ്രികളും രേഖകളും സൂക്ഷിക്കുന്നതിന് മൂന്നു സ്റ്റോർ റൂമുകളും ക്രമീകരിച്ചു. 20 ലക്ഷം രൂപയാണ് ചെലവ്. സൗകര്യങ്ങൾ ഒരുക്കാൻ യുജിസി സഹായത്തോടെ ലഭിച്ച ഫണ്ടും ഉപയോഗിച്ചു. എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന ടോട്ടൽ സൊല്യൂഷൻസ് സോഫ്റ്റ്‌വെയർ ഒരുങ്ങിക്കഴിഞ്ഞു. യൂണിവേഴ്സിറ്റി പ്രോഗ്രാമുകൾ, അടിസ്ഥാന വിവരങ്ങൾ എന്നിവ വെർച്വലായി പരിചയപ്പെടുത്തുന്ന ബുക്ക്‌ലെറ്റിന്റെ ഉദ്ഘാടനവും നടക്കും. സെപ്‌തംബറിൽ ആദ്യമായി ഓപ്പൺ ബുക്ക് എക്സാമിനേഷൻ നടപ്പാക്കുന്നു.
ഓപ്പൺ ബുക്ക് എക്‌സാം
പാഠഭാഗങ്ങൾ മനഃപാഠമാക്കി ഉത്തരമെഴുതുന്ന സമ്പ്രദായത്തിൽനിന്ന് വ്യത്യസ്തമായി പഠിച്ച കാര്യങ്ങൾ വിശകലനം ചെയ്ത് ഉത്തരങ്ങൾ എഴുതേണ്ടിവരുന്ന പരീക്ഷാരീതിയാണ് ഓപ്പൺ ബുക്ക് പരീക്ഷ. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2023–- -24 അധ്യയന വർഷം മുതൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഈ സമ്പ്രദായം നടപ്പാക്കുകയാണ്. പരീക്ഷ സെപ്റ്റംബറില്‍ വിവിധ ജില്ലകളിലുള്ള കേന്ദ്രങ്ങളിൽ നടക്കും. പ്രത്യേക മാർഗ നിർദേശങ്ങളും ചോദ്യഘടനയും തയ്യാറാക്കി. നാലുവർഷ ബിരുദം ഇന്ത്യയിൽ ആദ്യമായി ഒരു സ്റ്റേറ്റ് ഓപ്പൺ സർവകലാശാലയിൽ നടപ്പാക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..