അഞ്ചൽ
എംഡിഎംഎയുമായി കോൺഗ്രസ് നേതാവും സുഹൃത്തും അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ പങ്കാളികളായ സ്ത്രീയടക്കമുള്ളവർ പൊലീസ് നിരീക്ഷണത്തിൽ. അറസ്റ്റിലായ പ്രധാന പ്രതിയുംകോൺഗ്രസ് നേതാവുമായ അഞ്ചൽകോട്ടവിള വീട്ടിൽ ഷിജു (40) ഏതാനും നാളുകൾക്കകം ആഡംബര കാറുകളും പുരയിടവും വാങ്ങിയതായി കണ്ടെത്തിയിരുന്നു. പെട്ടെന്നുള്ള ഇയാളുടെ വളർച്ചയിൽ പ്രദേശവാസികളിൽ സംശയം ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എംഡിഎംഎയുമായി ഷിജു പിടിയിലായത്. ഓട്ടോറക്ഷാഡ്രൈവറായ ഷിജു വെള്ളവസ്‌ത്രം ധരിച്ചാണ് നടന്നിരുന്നത്. വില്ലേജ് ഓഫീസിലും മറ്റ് സർക്കാർ ഓഫീസുകളിലും ചുറ്റിപ്പറ്റി നടന്ന് നിലം നികത്തുന്നതിനും മറ്റും അനുമതി വാങ്ങാൻ ഉദ്യാഗസ്ഥരെ സ്വാധീനിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു. ഇയാൾക്കൊപ്പം പിടിയിലായ ഏറം കളിയിലിൽക്കട ജങ്‌ഷനിലെ പച്ചക്കറി വ്യാപാരിയും ചോതി കൺസ്ട്രക്‌ഷൻ ഉടമ സാജനുമായി ഷിജു അടുക്കുന്നത് ഏറം കളീലിൽക്കട ജങ്‌ഷനിലെ സാജന്റെ പേരിലുള്ള നിലം അനധികൃതമായി നികത്തുമ്പോഴാണ്. നിലം നികത്തലിനെതിരെ നാട്ടുകാർ പ്രതിഷേധം ഉയർത്തിയപ്പോൾ കോൺഗ്രസ് നേതാവായി വില്ലേജ് ഓഫീസിൽനിന്ന് അനുകൂല ഉത്തരവ് വാങ്ങാൻ ഇടനിലക്കാരനായിരുന്നു. പിന്നീട് എംഡിഎംഎ കച്ചവടത്തിൽ സാജനെ പങ്കാളിയാക്കിയത്. ഷിജുവിന്റെ ആഡംബരകാറുകൾ കസ്റ്റഡിലാണ്. അഞ്ചൽ ബൈപാസ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പനയും കൈമാറ്റവും നടത്തുന്ന സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരുണ്ട്. ബംഗളൂരുവിൽനിന്ന് ഇവർക്ക് എംഡിഎംഎ എത്തിച്ചുനൽകിയെന്ന് പറയുന്ന ഏരൂർ അയിലറ സ്വദേശി നിരീക്ഷണത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..