02 December Monday

ആവേശമായി കുടുംബശ്രീ 
ജില്ലാ ബാലപാർലമെന്റ്

സ്വന്തം ലേഖകൻUpdated: Monday Dec 2, 2024

കുടുംബശ്രീ ജില്ലാ ബാലപാർലമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ​ഗോപൻ ഉദ്ഘാടനംചെയ്യുന്നു

 

 
കൊല്ലം
 ജനാധിപത്യത്തിന്റെ ഉത്സവമായി കുടുംബശ്രീ ജില്ലാ ബാലപാർലമെന്റ്. ജില്ലയിലെ 74കുടുംബശ്രീ സിഡിഎസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 148 ബാലസഭ കുട്ടികളാണ് ബാലപാർലമെന്റിൽ പങ്കെടുത്തത്. പാർലമെന്ററി നടപടിക്രമങ്ങൾ സങ്കീർണതകൾ ഇല്ലാതെ പ്രസിഡന്റിന്റെ നയപ്രഖ്യാപനം മുതൽ നിയമനിർമാണം, ചോദ്യോത്തരം അടിയന്തരപ്രമേയം, ശ്രദ്ധക്ഷണിക്കൽ, അവിശ്വാസപ്രമേയം, വാക്കൗട്ട് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും ആവേശകരമായി കുട്ടികൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ബാലപാർലമെന്റ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് അധ്യക്ഷയായി.  ജില്ലാ മിഷൻ കോ –-ഓർഡിനേറ്റർ ആർ വിമൽചന്ദ്രൻ സ്വാഗതവും സാമൂഹ്യവികസനം- ജില്ലാ പ്രോഗ്രാം മാനേജർ കെ സിന്ധുഷ നന്ദിയും പറഞ്ഞു.
ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസർക്കാരിന്റെ മനുഷ്യത്വമില്ലാത്ത വിവേചനം കുട്ടികൾ തുറന്നുകാട്ടി. വികസനകാര്യങ്ങളിൽ കേരളത്തെ കൂച്ചുവിലങ്ങിടുന്ന കേന്ദ്രത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കുട്ടികൾ സഭ ബഹിഷ്കരിച്ചു. യൂണിഫോം സിവിൽ കോഡിനെ സംബന്ധിച്ച് കേരളത്തിന്റെ ഭാവി തലമുറ കേന്ദ്രത്തിനെതിരെ അതിശക്തമായി സഭയിൽ പ്രതിഷേധിച്ചത് പുതിയ അനുഭവമായി മാറി. കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് അസിസ്റ്റന്റ് ജില്ലാ മിഷൻ കോ –-ഓർഡിനേറ്റർ എ അനീസ, ജില്ലാ പ്രോഗ്രാം മാനേജർ കെ സിന്ധുഷ, കുടുംബശ്രീ സ്റ്റേറ്റ് പരിശീലന ടീം അംഗവും കില ഫാക്കൽറ്റിയുമായ വരയറ വിജയൻ, ഷീനാബീവി, അരുൺകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top