22 December Sunday

വീണ്ടെടുക്കാം 
പുലമൺ തോട്; സമഗ്ര കൊട്ടാരക്കരയ്ക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
കൊട്ടാരക്കര 
പുലമൺ തോടിന്റെ വീണ്ടെടുപ്പിനായുള്ള ജനകീയ ഇടപെടലുകളിലൂടെ സമഗ്ര കൊട്ടാരക്കര പദ്ധതി തുടങ്ങി. പുലമൺ തോട് പുനരുജ്ജീവന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. മീൻപിടിപ്പാറയിൽനിന്ന്‌ തുടങ്ങി കൊട്ടാരക്കര മുനിസിപ്പാലിറ്റി, മൈലം, കുളക്കട പഞ്ചായത്ത്‌ പ്രദേശങ്ങളിലൂടെ 20 കിലോമീറ്റര്‍ ഒഴുകി കല്ലടയാറ്റിൽ പതിക്കുന്ന പുലമൺ തോട്‌ നിലവിൽ ഉപയോഗശൂന്യമായ അവസ്ഥയിലാണ്‌. 10 മീറ്റർ വീതിയുള്ള തോട്‌ മിക്കയിടത്തും കൈയേറ്റങ്ങൾ മൂലം ചുരുങ്ങി.  ആഴവും കുറയുന്നു. ശോഷിച്ച നീരൊഴുക്കും മാലിന്യനിക്ഷേപവും തോടിനെ നാശത്തിലെത്തിച്ചിരിക്കുന്നു. ഭൂവിനിയോഗ ബോർഡ്‌ തോടിന്റെ ജിഐഎസ് സർവേ പൂർത്തിയാക്കി അതിർത്തികൾ രേഖപ്പെടുത്തിയിട്ടുണ്ട്. മാലിന്യം തള്ളുന്നതിനെതിരെയും തോടിന്റെ നീരൊഴുക്ക്‌ ഉറപ്പാക്കുന്നതിനും പ്രചാരണം നടത്തും. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തും.  
നവീകരണത്തിന്റെയും സംരക്ഷണത്തിന്റെയും ചുമതല തോട്‌ ഉത്തരവാദിത്വ സഭകൾക്കാണ്‌. നഗരപ്രദേശത്ത്‌ 50 മീറ്റർ ദൂരത്തും പഞ്ചായത്ത്‌ പ്രദേശങ്ങളിൽ   100 മീറ്റർ ദൂരത്തും തോട്‌ സംരക്ഷണ സഭകൾ രൂപീകരിച്ചിട്ടുണ്ട്‌. പുലമൺ ജങ്‌ഷനിൽ തോടിനു മുകളിൽ കുറുകെയായി 100 മീറ്റർ നീളത്തിൽ ജനകീയ പാർക്കും നിർമിക്കും. തോടിന്റെ ഇരുകരകളിലും ഇരിപ്പിടങ്ങൾ അടക്കം ക്രമീകരിക്കും. പുലമൺ ജങ്‌ഷൻ മുതൽ മീൻപിടി പാറവരെ നടപ്പാതയും ഉണ്ടാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ ചെയർമാനും കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എസ്‌ ആർ രമേശ്‌ കൺവീനറുമായ സംഘാടക സമിതിയാണ്‌ പദ്ധതിക്ക്‌ മേൽനോട്ടം വഹിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top