22 December Sunday

സമഗ്രവികസനം ലക്ഷ്യമിട്ട്‌ സമഗ്ര കൊട്ടാരക്കര

സ്വന്തം ലേഖകൻUpdated: Thursday Oct 3, 2024
കൊട്ടാരക്കര 
മുനിസിപ്പാലിറ്റിയുടെയും ഏഴു പഞ്ചായത്തിന്റെയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുള്ള വികസന പ്രവർത്തനമാണ്‌ സമഗ്ര കൊട്ടാരക്കരയിൽ ലക്ഷ്യമിടുന്നത്‌. വിവിധ വകുപ്പുകളെയും പൊതു-സ്വകാര്യ സ്ഥാപനങ്ങളെയും ഏജന്‍സികളെയും തദ്ദേശ സ്ഥാപനങ്ങളെയും സമസ്തജനവിഭാഗങ്ങളെയും പങ്കാളികളാക്കി എല്ലാ വികസന മേഖലകളിലും  ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകൾക്കായുള്ള സമഗ്രപദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. ലഭ്യമായ എല്ലാ വിഭവങ്ങളെയും ഉപയോഗപ്പെടുത്തി നാടിന്റെയാകെ വികസനം സാധ്യമാക്കുന്ന രണ്ടുവർഷത്തെ ബൃഹത്തായ പദ്ധതി പ്രവർത്തനമാണ്‌ ഏറ്റെടുത്തിരിക്കുന്നത്. മണ്ണ്‌, വായു, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകും. ജലസംരക്ഷണം, കൃഷിവ്യാപനം, മാലിന്യ സംസ്‌കരണം, ജീവനോപാധി, പരിസ്ഥിതിയും ടൂറിസവും എന്നീ അഞ്ച്‌ സുപ്രധാന മേഖലകൾക്കായിരിക്കും മുൻഗണന. കല്ലട നദിയുടെ സംരക്ഷണമടക്കമുള്ള പ്രവർത്തനങ്ങൾ, തോടുകളുടെയും കുളങ്ങളുടെയും നവീകരണം, മണ്ണ്‌ –--ജല സംരക്ഷണം, പരിസ്ഥിതി പുനഃസ്ഥാപനം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, ടൂറിസം വികസനം, സുസ്ഥിര ജീവനോപാധി ഉറപ്പാക്കൽ, ക്ഷീര വികസനം, കാർഷിക വിളകളുടെ സംസ്‌കരണവും വിപണനവും തുടങ്ങിയ മേഖലയിലായിരിക്കും ആദ്യഘട്ടത്തിലെ ഇടപെടൽ. 
ഭൂഗർഭ ജല റീചാർജിങ്‌, മാലിന്യശേഖരണവും സംസ്‌കരണവും ഉൾപ്പെടെ ഏറ്റെടുക്കും. ഒരുവർഷത്തിനുള്ളിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും മാതൃകാ സ്ഥാപനങ്ങളാക്കും. ജലസുരക്ഷ ഉറപ്പാക്കാൻ തൊഴിലുറപ്പ്‌ പദ്ധതിയും ഉപയോഗിക്കും. കരീപ്രയിലെ നെറ്റ്‌ സീറോ കാർബൺ കേരളം പദ്ധതി വ്യാപിപ്പിക്കും. വാർഡിൽ ഒരു പച്ചത്തുരുത്ത്‌, തദ്ദേശ സ്ഥാപനങ്ങളെ തരിശുരഹിതമാക്കുക, ഫുഡ്‌ ടൂറിസത്തിന്‌ നാടൻ ഭക്ഷണശാലകൾ എന്നിവ പ്രധാന പദ്ധതികളാണ്‌. കൊട്ടാരക്കര ടൗണിന്റെ സൗന്ദര്യവല്‍ക്കരണം ഉറപ്പാക്കും. 10,000 പുതിയ തെങ്ങിൻതൈയും ഒരുലക്ഷം കശുമാവിന്‍തൈയും നട്ടുവളർത്തും. പച്ചക്കറി, പഴം കൃഷിവ്യാപിപ്പിക്കൽ, കൂൺ സംഘകൃഷി, ഫലവൃക്ഷങ്ങൾ നട്ടുവളർത്തൽ തുടങ്ങിയവയും കാർഷിക മേഖലയിൽ ലക്ഷ്യമിടുന്നു. എല്ലാ പഞ്ചായത്തിലും മണ്ണ്‌ പോഷണ കാർഡ്‌ ഉറപ്പാക്കും. നോളജ്‌ ഇക്കോണമി മിഷന്റെ ഡിഡബ്ലുഎംഎസ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളവർക്ക്‌ തൊഴിലവസരങ്ങൾ ഒരുക്കും. കലക്ടർ കൺവീനറായ സമിതിയായിരിക്കും സമഗ്രപദ്ധതി പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. 
സമഗ്ര കൊട്ടാരക്കര പദ്ധതിയിൽ ഭൂവിനിയോഗ ബോർഡ്‌ മണ്ഡലത്തിലെ ഏഴ്‌ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും കെഡസ്‌ട്രൽ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്‌. www.kottarakkaralac.com എന്ന വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top